nithyanda-ghibili

Picture Credit @srinithyananda

TOPICS COVERED

സ്വയംപ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ മരിച്ചുവെന്ന അഭ്യൂഹങ്ങളും അതിനു പിന്നാലെ പരക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന കൈലാസയുടെ സ്ഥിരീകരണവുമാണ് സമൂഹമാധ്യമത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. വിഷയത്തില്‍ നിത്യാനന്ദ തന്നെ നേരിട്ട് നടത്തിയ പ്രതികരണമാണ് ഏറ്റവും പുതിയ വാര്‍ത്ത. 'ഞാന്‍ മരിച്ചെന്നും മരിച്ചില്ലെന്നുമൊക്കെ ആളുകള്‍ പറയുന്നു. മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനി നിങ്ങളെല്ലാവരും കൂടി ഒരു തീരുമാനമെടുക്കൂ'- എന്നാണ് നിത്യാനന്ദയുടെ  പരിഹാസം. എന്തായാലും ഞാന്‍ പൂര്‍ണ ആരോഗ്യത്തോടെ, സുരക്ഷിതനായി, ജീവനോടെയിരിക്കുന്നു എന്നും സമൂഹമാധ്യമത്തില്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് നിത്യാനന്ദ അവകാശപ്പെടുന്നു. ട്രെന്‍ഡിനൊപ്പം എന്ന് പ്രഖ്യാപിച്ച് ജിബിലി ആര്‍ട്ട് അടക്കം നിത്യാനന്ദ പങ്കുവച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ALSO READ; ‘നിത്യാനന്ദ ജീവത്യാഗം ചെയ്തു’; മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് അവസാന ആഗ്രഹം

nithyanada-ghibili-art

Picture Credit @srinithyananda

പുലര്‍ച്ചെ നാലരയോടെ സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയാണ് നിത്യാനന്ദ താന്‍ ജീവിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. തന്നെ വഴിനടത്തുന്നത് അണ്ണാമലൈയാന്‍ ആണ് എന്നാണ് നിത്യാനന്ദ പറയുന്നത്. ‘പരമശിവ പരംപൊരുളാണ് എന്‍റെ ബലം. നിങ്ങളോട് സംസാരിക്കുമ്പോള്‍ പരമശിവ പരംപൊരുള്‍ എന്നാണ് ഞാന്‍ പറയുന്നത്. എന്നാല്‍ അണ്ണാമലൈയാന്‍ എന്ന ചൈതന്യത്തെയാണ് ഞാന്‍ അനുഭവിച്ചറിയുന്നത്. ആളുകള്‍ അവരുടെ പ്രശ്നങ്ങളും പരിഭവങ്ങളുമായി എത്തുമ്പോള്‍ സമാധിയിലിരുന്ന് കണ്ണടച്ച് നോക്കുമ്പോള്‍ അണ്ണാമലൈയാന്‍ നല്‍കുന്ന പ്രതിവിധി ഞാന്‍ പറയുന്നു എന്നുമാത്രം’– നിത്യാനന്ദ പറഞ്ഞു.

താന്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണരും. ആദ്യം യോഗ ചെയ്യും. പിന്നീട് ശിവപൂജ. അതിനുശേഷം സമാധിയിലിരുന്ന് ഭക്തര്‍ക്ക് എന്നോട് ചോദിക്കാനുള്ള കാര്യങ്ങള്‍ കേള്‍ക്കും. അതിനുള്ള മറുപടികള്‍ നല്‍കും. അങ്ങനെയാണ് എന്‍റെ ദിവസം നീങ്ങുന്നത്. ഇങ്ങനെ തന്നെ സംബന്ധിച്ച് വിവരങ്ങളെല്ലാം നിത്യാനന്ദ ലൈവില്‍ പറയുകയാണ്. ഇതോടെ ലൈവിലേക്ക് ആളെക്കൂട്ടാനുള്ള തന്ത്രമായിരുന്നോ ‘മരണവാര്‍ത്ത’ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

nithyananda-death-news

Picture Credit @srinithyananda

രണ്ടുദിവസം മുന്‍പാണ് നിത്യാനന്ദ മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകന്‍ സുന്ദരേശ്വരന്‍ അറിയിച്ചു എന്നായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സുന്ദരേശ്വരന്‍ നിത്യാനന്ദയുടെ മരണവാര്‍ത്ത പങ്കുവച്ചു എന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ നിത്യാനന്ദ പൂര്‍ണ ആരോഗ്യവാനാണ്. അദ്ദേഹം സുരക്ഷിതനായിരിക്കുന്നു. അതിന് കൃത്യമായ തെളിവുകളുമുണ്ട് എന്നുപറഞ്ഞുകൊണ്ട് കൈലാസയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഒരു പ്രസ്താവന എത്തി. ഹിന്ദു വിരുദ്ധ മാധ്യമങ്ങൾ വ്യാജ വാര്‍ത്ത പടച്ചുവിടുന്നു എന്നായിരുന്നു ആരോപണം. ALSO READ; ‘നിത്യാനന്ദ മരിച്ചിട്ടില്ല; പൂര്‍ണ ആരോഗ്യവാന്‍’; തെളിവ് പുറത്തുവിട്ട് കൈലാസ

പ്രസ്താവനയില്‍ പറഞ്ഞിരുന്നത്; 'ഭഗവാൻ നിത്യാനന്ദ പരമശിവൻതിരെ ഹിന്ദു വിരുദ്ധ മാധ്യമങ്ങൾ നടത്തുന്ന നിയമവിരുദ്ധമായ വ്യാജ പ്രചാരണത്തിനെതിരെ കൈലാസ ശക്തമായി പ്രതിഷേധിക്കുന്നു. നിരവധി ഹിന്ദു വിരുദ്ധ മാധ്യമസ്ഥാപനങ്ങൾ ജഗത്ഗുരു മഹാ സന്നിധാനം (SPH) ഭഗവാൻ നിത്യാനന്ദ പരമശിവൻ അന്തരിച്ചു എന്നതുപോലുള്ള അടിസ്ഥാനരഹിതവും നിയമവിരുദ്ധവുമായ തെറ്റായ വിവരങ്ങൾ മനപൂർവം പ്രചരിപ്പിച്ചിരിക്കുകയാണ്. ഭഗവാൻ നിത്യാനന്ദ പരമശിവൻ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായിരിക്കുന്നു എന്ന് കൈലാസ ഉറപ്പുനൽകുന്നു'.

'2025 മാർച്ച് 30ന്, ഉഗാദി ആഘോഷങ്ങളിൽ പങ്കെടുത്ത ഭഗവാൻ നിത്യാനന്ദ പരമശിവൻ ഭക്തർക്കും ശിഷ്യർക്കും 2 ബില്യൺ ഹിന്ദു അനുയായികൾക്കും അനുഗ്രഹം നൽകിയിരുന്നു. പ്രസ്തുത പ്രസംഗം തല്‍സമയ സംപ്രേഷണം നടത്തിയതിന് തെളിവുണ്ട്. ഭഗവാൻ നിത്യാനന്ദ പരമശിവനെ അപകീർത്തിപ്പെടുത്തുന്നതിനും അവഹേളിക്കുന്നതിനുമായി നടത്തിയ ഈ അശുദ്ധമായ അപവാദ പ്രചാരണത്തെ കൈലാസ ശക്തമായി അപലപിക്കുന്നു'. 

'ഈ ഏകോപിത അപവാദ പ്രചാരണത്തിന്റെ ഭാഗമായിട്ടുള്ള നിയമവിരുദ്ധ പ്രസ്താവനകൾ ലോകമെമ്പാടുമുള്ള 2 ബില്യൺ ഹിന്ദു ഭക്തരുടെ മതഭാവനയെ വേദനിപ്പിച്ചിട്ടുണ്ട്. ഈ വ്യാജ പ്രചാരണം, നിയമപരമായി സംരക്ഷിക്കപ്പെടുന്ന മതന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള വ്യാപകമായ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്. ഈ പ്രചാരണത്തിൽ മാധ്യമ അപവാദം, വിദ്വേഷ പ്രസ്താവനകൾ, ഏകോപിതമായ നിയമ പോരാട്ടം എന്നിവ ഉൾപ്പെടുന്നു, അതിലൂടെ ഒരു ജനവിഭാഗത്തെ പീഡിപ്പിക്കുന്നതിനുള്ള ലക്ഷ്യസ്ഥാനം വ്യക്തമാണ്'- എന്നാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

ENGLISH SUMMARY:

The rumors of self-proclaimed godman Nithyananda's death and the subsequent spread of fake news have become a major topic of discussion on social media, following Kailasa's confirmation of the reports. Nithyananda himself has now responded to the matter. "People are saying I am dead and also that I am alive. Now, all of you make a decision regarding whether I am dead or not," he sarcastically stated. Sharing a picture on social media, Nithyananda emphasized, "In any case, I am in perfect health, safe, and alive."