വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് സര്‍ക്കാര്‍. ബില്ലിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ സംരക്ഷിക്കാനുള്ള ഡിഎംകെയുടെ നാടകമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ വിമര്‍ശിച്ചു.
ത്രിഭാഷ നയത്തിനും ലോക്സഭ മണ്ഡലം പുനര്‍നിര്‍ണയത്തിനും പിന്നാലെ വഖഫ് ഭേദഗതി ബില്ലിലും പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ബില്ലിനെതിെര ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചത്. ബില്‍ പിന്‍വലിക്കണം എന്നതാണ് ഡിഎംകെയുടെ നിലപാടെന്നും സ്റ്റാലിന്‍. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തവരുടെ എണ്ണം മറക്കരുത് എന്നും തമിഴ്നാട് മുഖ്യമന്ത്രി.
കറുത്ത റിബണ്‍ ധരിച്ചെത്തിയ മുഖ്യമന്ത്രിയും ഭരണകക്ഷി എംഎല്‍എമാരും ബില്ലിനെതിരെ മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ ആഴ്ച ബില്ലിനെതിരെ തമിഴ്നാട് അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഡിഎംകെയുടേത് ന്യൂനപക്ഷ വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള നാടകമാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ എക്സില്‍ കുറിച്ചു. വഖഫ് ഭേദഗതി ബില്ലിനെതിരെ നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ടിവികെ.