വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ. കേന്ദ്രമന്ത്രി കിരൺ റിജിജു ബിൽ അവതരണത്തിനിടെ മുനമ്പം വിഷയം ഇന്നും ഉന്നയിച്ചു. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാടെന്നും എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും നാസിർ ഹുസൈൻ മറുപടി നൽകി.
ശക്തമായ വാഗ്വാദത്തിനാണ് രാജ്യസഭ സാക്ഷ്യംവഹിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതാണ് നിയമഭേദഗതിയെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കിരൺ റിജിജു പറഞ്ഞു. തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാന്‍ ബില്‍ അനിവാര്യമാണ്. മുനമ്പത്ത് 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ സ്വത്തിൽ വഖഫ് അവകാശവാദം ഉന്നയിക്കുന്നു. ക്രിസ്ത്യൻ സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നൽകിയിട്ടുണ്ട് എന്നും മന്ത്രി. മുനമ്പത്തെ ജനങ്ങൾക്കൊപ്പം ആണ് കോൺഗ്രസും പ്രതിപക്ഷവും എന്ന് പറഞ്ഞ നാസിർ ഹുസൈൻ എംപി, ബിൽ ഭരണഘടനാ വിരുദ്ധം എന്ന് വാദിച്ചു
കർണാടകയിലെ വഖഫ് സ്വത്ത് ഇടപാടുകൾക്ക് പിന്നിൽ കോൺഗ്രസ് നേതാക്കൾ ആണെന്ന ബിജെപി എംപി രാധാ മോഹന്‍റെ പ്രസ്താവന പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. ഇന്ന് വഖഫ് സ്വത്ത് കവർന്ന് സുഹ്യത്തുകൾക്ക് നൽകുന്നവർ നാളെ മറ്റ് വിഭാഗങ്ങളുടെ സ്വത്ത് കവരുമെന്ന്എ.എ.പി. എം.പി. സഞ്ജയ് സിങ് ആരോപിച്ചു. രാമക്ഷേത്രത്തിൽ അഴിമതി നടത്തുന്നവരാണ് ബിജെപി എന്ന സഞ്ജയ് സിംഗിന്‍റെ പരാമര്‍ശം ഭരണപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിന് ഇടയാക്കി. എട്ടുമണിക്കൂര്‍ നിശ്ചയിച്ച ചര്‍ച്ചയില്‍ കേരളത്തിൽനിന്ന് ജോസ് കെ മാണിയും പി പി സുനീറും സംസാരിക്കും.