രാജ്യത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ അന്തിമ പോരാട്ടത്തിന് കേന്ദ്രസേനകള്‍ക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ. സേനകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. ഛത്തീസ്ഗഡിലെ അവലോകന യോഗത്തിലാണ് അമിത് ഷാ വിവിധ സുരക്ഷാ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ആയുധം വച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകളെ മുഖ്യധാരയുടെ ഭാഗമാക്കും. ആയുധമെടുക്കുന്നവരെ സുരക്ഷാസേന കൈകാര്യംചെയ്യും. ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നയമാണിത്. ബസ്തര്‍ മേഖലയില്‍ വലിയ ഓപ്പറേഷനുകള്‍ക്കാണ് വിവിധ കേന്ദ്രസേനകള്‍ക്കും ഛത്തിസ്ഗഡ് പൊലീസിനും അമിത് ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്‍റലിജന്‍സ് ബ്യൂറോയും എന്‍ഐഎയും സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി എന്നീ കേന്ദ്രസേനകളുമായി കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കും. ഛത്തീസ്ഗഡ് പൊലീസിന് കീഴിലെ ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരും സ്പെഷല്‍ ടാസ്ക് ഫോഴ്സും കേന്ദ്രസേനകളുമായി കൂടുതല്‍ ഏകോപനത്തോടെ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിന്‍റെ ഭാഗമാകും. ഉള്‍ക്കാടുകളിലെ മാവോയിസ്റ്റ് വിരുദ്ധ ദൗത്യം മന്ദഗതിയിലാകരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയതോടെ വരുംദിവസങ്ങളില്‍ ബസ്തര്‍ മേഖലയില്‍ ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം. ഈവര്‍ഷം ഇതുവരെ 350 മാവോയിസ്റ്റുകളെയാണ് ബസ്തര്‍ മേഖലയില്‍ സുരക്ഷാസേന വധിച്ചത്.