സംഭവബഹുലമായിരുന്നു പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം. ബജറ്റ്അ വതരണത്തിലായിരുന്നു തുടക്കമെങ്കിൽ വിവാദമായ വഖഫ് ബിൽ പാസാക്കിയാണ് സഭ പരിഞ്ഞത്. വയനാട് ധനസഹായം മുതല്‍ ത്രിഭാഷ വിവാദം വരെ പാര്‍ലമെന്റിനെ  പ്രക്ഷുബ്ധമാക്കി. രാജ്യസഭാധ്യക്ഷനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനും സമ്മേളനം സാക്ഷ്യം വഹിച്ചു.

വഖഫ് നിയമഭേദഗതിയടക്കം ബജറ്റ് സമ്മേളനത്തില്‍ ലോക്സഭ പാസാക്കിയത് 16 ബില്ലുകള്‍. പ്രവര്‍ത്തനക്ഷമത 118 ശതമാനം. രാജ്യസഭ 13 ബില്ലുകളെ പാസാക്കിയുള്ളുവെങ്കിലും പ്രവര്‍ത്തനക്ഷമത ലോക്സഭയേക്കാള്‍ ഒരുശതമാനം കൂടുതലാണ്. ആദ്യദിവസം രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുപിന്നാലെ തുടങ്ങി ഭരണ– പ്രതിപക്ഷ വാക്പോര്. അഭിസംബോധനയെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശമായിരുന്നു കാരണം.

മോദിയുടെ യു.എസ്. സന്ദര്‍ശനം, യു.എസില്‍നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തല്‍, കുംഭമേള ദുരന്തം, വോട്ടര്‍പട്ടിക ക്രമക്കേട് തുടങ്ങി പ്രതിപക്ഷത്തിന് ആയുധങ്ങള്‍ ഏറെയുണ്ടായിരുന്നു.

ത്രിഭാഷ വിവാദവും മണ്ഡല പുനര്‍നിര്‍ണയവും നിരന്തരം ഡി.എം.ക– കേന്ദ്രസര്‍ക്കാര്‍ പോരിന് വഴിവച്ചു. മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഡി.എം.കെ. അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നതും കണ്ടു.

കേരളവും ഇരുസഭകളിലും നിറഞ്ഞുനിന്നു. വയനാടിന് സഹായംനിഷേധിക്കുന്നത് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടിയപ്പോള്‍ ആശ സമരവും കടല്‍മണല്‍ ഖനനവും മുതല്‍ എംപുരാന്‍ വിവാദംവരെ കേരള എംപിമാര്‍ ഉയര്‍ത്തി.  

കേരളത്തിലെ നോക്കുകൂലി ധനമന്ത്രി ഉയര്‍ത്തിയത് വലിയ പ്രതിഷേധത്തിനും ഇടയാക്കി. രാജ്യസഭാധ്യക്ഷനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. വഖഫ് നിയമഭേദഗതി ബില്ലിന്‍മേല്‍ 17 മണിക്കൂര്‍ ചര്‍ച്ചനടത്തി രാജ്യസഭ ചരിത്രം സൃഷ്ടിച്ചാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്. 

ENGLISH SUMMARY:

The budget session of Parliament was eventful, beginning with the presentation of the budget and culminating in the controversial passage of the Waqf Bill. The session saw heated discussions, ranging from the financial aid for Wayanad to the trilingual debate, stirring unrest within Parliament. The opposition also brought a no-confidence motion against the Rajya Sabha Chairman during the session.