ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ ദിവ്യ ശശിധർ. ദിവ്യ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ചെന്നൈ പൊലീസിന് പ്രസന്ന പരാതി നല്‍കി ആഴ്ചകള്‍ക്ക് ശേഷമാണ് ആരോപണങ്ങളുമായി മുന്‍ഭാര്യ രംഗത്തെത്തിയത്. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദർശിച്ചിക്കുമെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും മകന്‍റെ ശുചിമുറിയില്‍ ഉള്‍പ്പെടെ വീട്ടിൽ ഒളി ക്യാമറകൾ സ്ഥാപിച്ചുവെന്നുമാണ് ദിവ്യ ഉയർത്തിയ ആരോപണങ്ങൾ. സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
പ്രസവശേഷം പോസ്റ്റ് പാര്‍ട്ട് ഡിപ്രഷനിലായിരിക്കുമ്പോഴും തനിക്ക് ലൈംഗിക ബന്ധത്തിനായാണ് പ്രസന്ന നിര്‍ബന്ധിച്ചത്. 'ലൈംഗികത എനിക്കൊരു അടിസ്ഥാന ആവശ്യമാണ്. നിനക്ക് വേദനയുണ്ടെങ്കിലും അതൊരു വിഷയമല്ല. നീ ഇതൊന്നും ചെയ്തില്ലെങ്കില്‍ എനിക്ക് എന്‍റെ ആവശ്യങ്ങള്‍ക്കായി പുറത്ത് പോകേണ്ടി വരുമെന്നാണ് പ്രസന്ന പറഞ്ഞത്,' ദിവ്യ കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ശാരീരികമായി ഉപദ്രവിച്ചു. നെഞ്ചില്‍ ഇടിച്ചു. തന്‍റെ പണവും അധികാരവും കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ദിവ്യ പറഞ്ഞു. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്നു ദിവ്യ മുൻപും ചൂണ്ടിക്കാണിച്ചിരുന്നു. പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചു.
നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും മോശം പേടിസ്വപ്നം’ എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകൾ, ഇമെയിലുകൾ, ഫോട്ടോകൾ ഉള്‍പ്പെടെയുള്ള രേഖകളും തെളിവുകളുമായാണ് വിദേശത്ത് ഇവർ പ്രസന്നക്കെതിരെ നിയമ പോരാട്ടം നടത്തിയത്.
ഏതാനും ദിവസങ്ങൾക്കു മുൻപു പ്രസന്നയ്ക്കെതിരെ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം എക്സ് പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ചർച്ചയായത്. ദിവ്യ തങ്ങളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും യുഎസിലേക്ക് കടന്നുവെന്നുമാണ് പ്രസന്ന പറഞ്ഞത്. എന്നാല്‍ ഗാര്‍ഹിക പീഡനം മൂലമാണ് താന്‍ വീട് ഉപേക്ഷിച്ച് പോയതെന്ന് ദിവ്യ പറഞ്ഞു.