വാരാണസിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കിടെ 22 പേർ കൂട്ടബലാത്സംഗം ചെയ്തു. മാർച്ച് 29ന് സുഹൃത്തിനെ കാണാൻ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു വടക്കൻ വാരണാസിയിലെ ലാൽപൂർ പ്രദേശത്തെ താമസക്കാരിയായ പെൺകുട്ടി. വീട്ടിലേക്കു മടങ്ങിയെത്താത്തതിനെ തുടർന്ന് ഏപ്രിൽ 4നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. പ്രതികളിൽ ആറു പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.
തട്ടിക്കൊണ്ടുപോയവർ പെൺകുട്ടിക്കു ലഹരിമരുന്ന് നൽകി പാണ്ഡെപുർ എന്ന പ്രദേശത്ത് ഇറക്കിവിട്ടു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ പങ്കുവച്ചതിനെ തുടർന്ന്, ഏപ്രിൽ 6ന് പിതാവ് പൊലീസിൽ പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഹുക്ക ബാർ, ഹോട്ടൽ, ലോഡ്ജ്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽവച്ചാണ് ലൈംഗികാതിക്രമം നടന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.