പ്രതി ആസിഫ് മന്‍സൂരി( Image: x.com/vani_mehrotra)
കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ ഭക്ഷണം നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. മുംബൈയിലെ മുംബ്ര റസിഡന്‍ഷ്യന്‍ സൊസൈറ്റിയിലാണ് സംഭവം. കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം കെട്ടിടത്തിന്‍റെ ഓടയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ക്രൂരകൊലപാതകത്തില്‍ ആസിഫ് മന്‍സൂരിയെന്ന പത്തൊന്‍പതുകാരനെ പൊലീസ് പിടികൂടി.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരീക്ഷയ്ക്കായി പഠിക്കാന്‍ മകളോട് താന്‍ പറഞ്ഞപ്പോള്‍ എല്ലാം അറിയാമെന്നും കുറച്ച് കളിച്ചിട്ട് വരാമെന്നും പറഞ്ഞ് മകള്‍ പുറത്തേക്ക് ഇറങ്ങിയതാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. വീട്ടുജോലിക്കാരിയായ ഇവര്‍ ജോലിക്ക് പോയി മടങ്ങി വന്നപ്പോള്‍ മകളെ കാണാതെ ആയതോടെ ഒപ്പം പതിവായി കളിക്കുന്ന കുട്ടികളോട് അന്വേഷിച്ചു. കൂട്ടുകാരനായ കുട്ടിയാണ് ചിപ്സും ചോക്കലേറ്റും നല്‍കി അയല്‍വാസിയായ യുവാവ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് പോയെന്ന് െവളിപ്പെടുത്തിയത്. തുടര്‍ന്ന് എല്ലാവരും ഒന്നിച്ച് തിരച്ചില്‍ ആരംഭിച്ചു.
ഇതിനിടെ ആരോ മാലിന്യമെറിഞ്ഞതിനെ തുടര്‍ന്ന് വെള്ളം ഫ്ലാറ്റിലേക്ക് എത്തുന്നില്ലെന്ന പരാതിയുമായി ഒരാള്‍ ഫ്ലാറ്റിലെ സെക്രട്ടറിയെ സമീപിച്ചു. ഇതോടെ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയയ്ച്ചു. കഴുത്തിനേറ്റ ആഴത്തിലെ മുറിവാണ് മരണകാരണമായതെന്നും കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെയാണ് മന്‍സൂരിക്കെതിരെ പോക്സോ ഉള്‍പ്പടെ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.