ബലാല്‍സംഗ കേസില്‍ കോടതി ശിക്ഷിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന് വീണ്ടും പരോള്‍ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍. ഇത്തവണത്തെ പരോള്‍ 21 ദിവസത്തേക്കാണ്. പരോള്‍ ലഭിച്ച ഗുര്‍മീത് റാം റഹിം സിര്‍സയിലെ ആശ്രമത്തിലെത്തി.
ഹരിയാന രോഹ്തഗിലെ ജയിലില്‍നിന്ന് അതീവ രഹസ്യമായും വലിയ സുരക്ഷയിലുമാണ് ഗുര്‍മീത് റാം റഹിം സിങ് പുറത്തിറങ്ങിയത്. ദേരാ സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലേക്ക് പോയ റാം റഹിം സിങ് അന്തേവാസികളെ കണ്ടു. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാല്‍സംഗം ചെയ്ത കേസിലാണ് 2017ല്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ കോടതി 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരിയില്‍ 30 ദിവസത്തെ പരോളും ഇയാള്‍ക്ക് ലഭിച്ചിരുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പ് വിവാദ ആള്‍ദൈവത്തിന് പരോള്‍ ലഭിക്കുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു കൊലപാതക കേസില്‍ ഗുര്‍മീതിനെയും മറ്റ് നാലുപേരെയും അന്വേഷണത്തെ പോരായ്മകള്‍ ഉന്നയിച്ച് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഹരിയാനയിലും പഞ്ചാബിലും രാജസ്ഥാനിലുമാണ് ഗുര്‍മീത് റാം റഹിം സിങ്ങിനെ ആരാധിക്കുന്നവര്‍ ഏറെയുള്ളത്. ഹരിയാനയുടെ സിര്‍സ, ഫത്തേബാദ്, കുരുക്ഷേത്ര, കൈതല്‍, ഹിസാര്‍ എന്നീ ജില്ലകളില്‍ പതിനായിരങ്ങളാണ് ഗുര്‍മീതിനെ പിന്തുടരുന്നത്.