പുതിയ വഖഫ് നിയമത്തിനെതിരെ എന്‍.ഡി.എ ഘടകകക്ഷിയും സുപ്രീംകോടതിയിലേക്ക്. മണിപ്പൂരിലെ നാഷണൽ പീപ്പിൾസ് പാർട്ടിയാണ് നിയമ നടപടിക്കൊരുങ്ങുന്നത്. നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഇന്‍റര്‍നെറ്റ് നിരോധനം തുടരുന്നു. ജമ്മു കശ്മീര്‍ നിയമസഭ ഇന്നും തടസപ്പെട്ടു.
നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ഹർജി നൽകുമെന്ന് മുതിർന്ന എന്‍.പി.പി. നേതാവ് ഷെയ്ഖ് നൂറുൽ ഹസ്സൻ പറഞ്ഞു. ഘടകകക്ഷികളുമായി ആലോചിക്കാതെയാണ് ബിൽ പാസാക്കിയതെന്നും നൂറുൽ ഹസ്സൻ ആരോപിച്ചു. ഇന്നലെ ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്ണുപൂർ ജില്ലകളിൽ മെയ്തെയ് വിഭാഗം വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിലവില്‍ സ്ഥിതി ശാന്തമാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചവരെ ഇന്‍റര്‍നെറ്റ് നിരോധനം തുടരും. ഇന്നലെ കല്ലേറിലും തീവയ്പ്പിലും പൊലീസുകാര്‍ക്ക് അടക്കം 10 പേര്‍ക്ക് പരുക്കേറ്റിരുന്നു. കലാപകാരികളെ കര്‍ശനമായി നേരിടണമെന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ ഇന്നും ബഹളംവച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്– ബി.ജെ.പി. അംഗങ്ങള്‍ തമ്മില്‍ വാക്പോരുണ്ടായി.