ചിത്രം ;ANI
പാര്‍ട്ടിക്കായി പണിയെടുക്കാന്‍ തയ്യാറാകാത്തവര്‍ വിരമിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിലാണ് ഖര്‍ഗെയുടെ ഈ നിര്‍ദേശം. ആമുഖപ്രസംഗത്തിൽ മോദി സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച ഖർഗെ, തിരഞ്ഞെടുപ്പുകളിലെ അട്ടിമറി അവസാനിപ്പിക്കാന്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകണമെന്നും ആവശ്യപ്പെട്ടു. ഡിസിസികളെ ശക്തിപ്പെടുത്തുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഡിസിസി അധ്യക്ഷന്മാരെ പങ്കെടുപ്പിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. അധ്യക്ഷന്മാരുടെ പ്രവര്‍ത്തനത്തിന് കര്‍ശന മാര്‍ഗരേഖ വയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പാര്‍ട്ടിക്കുള്ളില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ഖര്‍ഗെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ 13 ഡിസിസി അധ്യക്ഷന്മാര് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചു. തൃശൂര്‍ ഒഴികെയുള്ള ഡിസിസി അധ്യക്ഷന്മാരാണ് ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചത്. കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് സന്നദ്ധത അറിയിച്ചതെന്നാണ് വിശദീകരണം. പുതിയ തീരുമാന പ്രകാരം അധ്യക്ഷൻമാർക്ക് മൂന്ന് വർഷത്തേക്ക് ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്ക് വരും. അതിനിടെ കേരള നിയമസഭ തിരഞ്ഞെടുപ്പ് വരുമെന്നതാണ് നേതാക്കളെ വെട്ടിലാക്കുന്നത്. എറണാകുളത്ത് മുഹമ്മദ് ഷിയാസിനെയും മലപ്പുറത്ത് വി.എസ്.ജോയിയെയും നിലനിർത്തുമെന്ന് സൂചന ഉണ്ടായിരുന്നു. പുതിയ അധ്യക്ഷൻമാരെ തീരുമാനിക്കുമ്പോൾ വനിത, ദലിത്, ഒബിസി പ്രാതിനിധ്യം ഉറപ്പുവരുത്തും.
ഒറ്റക്കെട്ടായി തടസങ്ങളെയെല്ലാം പാര്‍ട്ടി മറികടക്കുമെന്ന് എഐസിസി സമ്മേളനത്തില്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞു. ആത്മാര്‍ഥതയോടെ ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം പ്രതിനിധികളോട് ആവശ്യപ്പെട്ടു. സബർമതി തീരത്ത് നടക്കുന്ന സമ്മേളനത്തിൽ 1700-ഓളം നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വഖഫ് നിയമo, മതപരിവർത്തന നിരോധന നിയമം, നടപ്പിലാക്കാൻ പോകുന്ന ചർച്ച് ആക്ട് തുടങ്ങിയവയിലും വിദേശനയങ്ങളിലും കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം സമ്മേളനത്തിൽ പാസാക്കും. ഗുജറാത്തിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിക്കും.