ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതി തസ്ലീമയുടെ ഭര്‍ത്താവ് സുല്‍ത്താനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്നത് സുല്‍ത്താനാണെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ വിദേശയാത്രാവിവരങ്ങളടക്കം എക്സൈസ് ശേഖരിച്ചു. തായ്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുല്‍ത്താന്‍ പിടിയിലായത്. തസ്‌ലീമ പിടിയിലായ ദിവസം സുല്‍ത്താന്‍ ആലപ്പുഴയില്‍ എത്തിയിരുന്നു. അറസ്റ്റിലായ സുല്‍ത്താനെ ആലപ്പുഴയിലേക്ക് കൊണ്ടുവരും.
അതിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തസ്ലീമയുടെ സഹോദരിയെയും എക്സൈസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് നിഗമനം. തസ്ലീമയ്ക്ക വാഹനം വാടകയ്ക്ക് എടുക്കാന്‍ സഹായിച്ച യുവതിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു. മറ്റൊരാവശ്യത്തിന് നല്‍കിയ തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്തുവെന്നാണ് യുവതി മൊഴി നല്‍കിയത്.
കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴയില്‍ നിന്നും രണ്ടുകോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി തസ്‍ലീമയെ എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി ഓമനപ്പുഴ തീരദേശ റോഡില്‍ എത്തുകയായിരുന്നു. ചെന്നൈയും കൊച്ചിയും കേന്ദ്രമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും സെക്സ് റാക്കറ്റ് കേസില്‍ ഒരുതവണ പിടിയിലായിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു.
നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും താന്‍ ലഹരിമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നും തസ്ലീമ വെളിപ്പെടുത്തിയിരുന്നു. കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസിയും സ്ഥിരീകരിച്ചിരുന്നു. കോഴിക്കോടുള്ള ഷൂട്ടിങ് സെറ്റില്‍ വച്ച് ക്രിസ്റ്റീന എന്ന പേരിലാണ് തസ്‍ലീമയെ പരിചയപ്പെട്ടതെന്നും തന്‍റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി. ഏപ്രില്‍ ഒന്നിനാണ് തസ്‍ലീമ എന്നെ വിളിച്ചതെന്നുമായിരുന്നു നടന്‍റെ വെളിപ്പെടുത്തല്‍.