ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇ.വി കമ്പനിയായ ബിവൈഡിയെ വെട്ടി കേന്ദ്ര സര്‍ക്കാര്‍. മറുവശത്ത് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാവായ ടെസ്ലക്ക് സ്വാഗതവും. ചൈനീസ് കമ്പനിയുടെ വമ്പന്‍ നിക്ഷേപം തള്ളാന്‍ കാരണമെന്താണ്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയതനുസരിച്ച്, 'ചൈനീസ് കമ്പനികൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കണം. ആരെയെല്ലാം ഇന്ത്യൻ വിപണിയിൽ അനുവദിക്കണം എന്നത് ഞങ്ങളുടെ തീരുമാനമാണ്' - മന്ത്രി പറഞ്ഞു. രാജ്യസുരക്ഷാ പരിഗണനകളും ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയിൽ 1000 കോടി ഡോളര്‍ മൂലധന നിക്ഷേപം നടത്താനുള്ള ബിവൈഡിയുടെ പദ്ധതിക്കാണ് സർക്കാർ അനുമതി നിഷേധിച്ചത്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുമായി സംയുക്ത സംരംഭത്തിൽ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനായിരുന്നു ചൈനീസ് കമ്പനി ശ്രമിച്ചത്. എന്നാൽ, മുൻപ് ഗ്രേറ്റ് വാൾ മോട്ടോഴ്സിനെതിരെ സർക്കാർ എടുത്ത നടപടികൾക്ക് സമാനമായി ബിവൈഡിയെയും തടയാൻ തീരുമാനിച്ചു.
അതേസമയം, ടെസ്ലയുടെ ഇന്ത്യാ പ്രവേശനത്തിന് സർക്കാർ പിന്തുണ നൽകുന്നു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ടെസ്ല ഓഫീസുകൾ തുറക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ടെസ്ലയുടെ പദ്ധതികൾക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.
ചൈനീസ് കമ്പനികളോടുള്ള സർക്കാർ നിലപാടിന് പിന്നിൽ രണ്ട് കാരണങ്ങളാണുള്ളത്. 2020-ലെ ലഡാക്ക് അതിർത്തി സംഘർഷത്തിന് ശേഷമുള്ള ഇന്ത്യ-ചൈന ബന്ധങ്ങളിലെ അനിശ്ചിതത്വവും, ചൈനീസ് കമ്പനികളുടെ ഡാറ്റാ സുരക്ഷാ നയങ്ങളിലുമുള്ള ആശങ്കയുമാണ് കാരണങ്ങള്‍. ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖലയിൽ 30 ശതമാനം വിപണി പങ്കാളിത്തം നേടാനാഗ്രഹിക്കുന്ന ബിവൈഡിക്ക് ഈ തീരുമാനം വലിയ പ്രതിസന്ധിയാണ്. എന്നാൽ, ടെസ്ലയുടെ വരവോടെ ഇന്ത്യൻ ഇവി മേഖലയിൽ ഗുണനിലവാര മാറ്റം ഉണ്ടാകുമെന്ന് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നു.