ലോകം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് നീങ്ങുമ്പോഴും പലരേയും പിന്തിരിപ്പിക്കുന്ന ആശങ്കയാണ് ദൂരയാത്രകളിലെ ചാര്‍ജിങ്. പെട്രോള്‍ പമ്പുകളില്‍ 5 മിനിറ്റ് കാത്തിരിക്കേണ്ടി വന്നാല്‍ ദേഷ്യവരുന്ന ആളുകളുടെ ഇടയിലേക്കാണ് ചാര്‍ജിങ്ങിന് മണിക്കൂറുകള്‍ സമയമെടുക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എത്തിയത്. എന്നാല്‍ ഇലക്ട്രിക് വാഹന (ഇ.വി) സാങ്കേതികവിദ്യയിൽ ലോകത്തെ അമ്പരപ്പിക്കുന്ന നേട്ടവുമായി ചൈനീസ് കമ്പനിയായ BYD എത്തിയിരിക്കുകയാണ്. വെറും അഞ്ച് മിനിറ്റിനുള്ളിൽ ചാർജ് ചെയ്ത് 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന 1000 വോൾട്ട് "സൂപ്പർ ഇ-പ്ലാറ്റ്‌ഫോം" കമ്പനി അവതരിപ്പിച്ചു.
പെട്രോൾ പമ്പിൽ ഇന്ധനം അടിക്കുന്നതിന് കണക്കെ ചാർജിംഗ് സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ, ഇ.വി വ്യവസായത്തിൽ വൻ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിവൈഡിയുടെ പുതിയ ഹാന്‍ എല്‍ സെഡാന്‍, ടാങ് എല്‍ എസ്.യു.വി, മോഡലുകളിലായിരിക്കും ഈ സാങ്കേതികവിദ്യ ആദ്യമായി നല്‍കുന്നത്. 2,70,000 മുതൽ 3,50,000 യുവാൻ (ഏകദേശം 32 ലക്ഷം മുതൽ 42 ലക്ഷം രൂപ വരെ) വിലയുള്ള ഈ മോഡലുകൾ ഇതിനോടകം പ്രീ-ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഈ മോഡലുകള്‍ എത്തുന്നതിന് മുന്നോടിയായി അതിവേഗം ചാര്‍ജിങ് സാധ്യമാകുന്ന 4000 സൂപ്പര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ചൈനയിലുടനീളം സ്ഥാപിക്കുമെന്നാണ് ബിവൈഡി ഉറപ്പുനല്‍കുന്നത്.
ഇതിനൊപ്പം വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററിയും ബിവൈഡി വികസിപ്പിച്ചിട്ടുണ്ട്. ടെസ്‌ല നിര്‍മിച്ചിട്ടുള്ള വി4 ചാര്‍ജറിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ചാര്‍ജിങ് സാധ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പുതുതായി വികസിപ്പിച്ച ഫ്‌ളാഷ് ചാര്‍ജ് എന്ന് വിശേഷിപ്പിക്കുന്ന ബ്ലേഡ് ബാറ്ററിയില്‍ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അതിവേഗ ചാര്‍ജിങ് സംവിധാനത്തില്‍ പോലും ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാനാകുമെന്നാണ് ബിവൈഡി അവകാശപ്പെടുന്നത്.
ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ചാർജിംഗ് സംബന്ധിച്ച ആശങ്കകൾ പൂർണമായും ഇല്ലാതാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ മേല്‍കൈയാണ് കമ്പനി സ്വന്തമാക്കുന്നത്. ഡീപ്സീക്ക് പോലെ ലോക വിപണികളെ പിടിച്ചു കുലുക്കുന്ന ചൈനയില്‍ നിന്നുള്ള അടുത്ത വിപ്ലവമായാണ് പുതിയ സാങ്കേതിക വിദ്യയെ ലോക മാധ്യമാങ്ങള്‍ വിശേഷിപ്പിക്കുന്നത്.