Picture Credits: Reuters. Elon Musk carries his son X on the left and Ashley St Clair on the right.
ടെക് ഭീമന്‍ ഇലോണ്‍ മസ്കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണ് താന്‍ എന്നവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് തന്‍റെ കുഞ്ഞാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന മറുപടിയാണ് മസ്കിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആഷ്‌ലി മസ്കിനെതിരെ രൂക്ഷപ്രതികരണങ്ങള്‍ നടത്തുകയും കുഞ്ഞ് അദ്ദേഹത്തിന്‍റെ തന്നെയാണെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ആറുമാസത്തോളം പ്രായമുള്ള കുഞ്ഞിനായി ഇലോണ്‍ മസ്ക് 2.5 മില്യണ്‍ ഡോളര്‍ നല്‍കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
‘ആ കുഞ്ഞ് എന്റേതാണോ അല്ലയോ എന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും വ്യക്തതയില്ല. അത് കണ്ടെത്തുന്നതിന് ഞാന്‍ തടസ്സം നില്‍ക്കുന്നില്ല. കോടതി ഉത്തരവും തേടുന്നില്ല. എന്നിരുന്നാലും ഞാന്‍ ആ കുഞ്ഞിനു വേണ്ടി 2.5 മില്യണ്‍ ഡോളര്‍ നല്‍കി. വര്‍ഷത്തില്‍ 500,000 ഡോളര്‍ വീതം നല്‍കാമെന്നും ഏറ്റിട്ടുണ്ട്’ എന്നാണ് മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനു വേണ്ടി മസ്ക് സാമ്പത്തിക സഹായം ചെയ്യുന്നില്ല എന്നാരോപിച്ച് ആഷ്‌ലി സെയ്ന്റ് ക്ലയർ തന്‍റെ ടെസ്ല എസ് മോഡല്‍ കാര്‍ വില്‍ക്കുന്നുവെന്ന് പറഞ്ഞൊരു വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
ഈ വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ലാറാ ലൂമര്‍ എന്ന ആക്ടിവിസ്റ്റ് രംഗത്തെത്തിയതോടെയാണ് മസ്കിന്‍റെ മനംമാറ്റം. പ്രണയകാലത്ത് മസ്ക് ആഷ്‌ലിക്ക് സമ്മാനമായി നല്‍കിയതാണ് ടെസ്ല കാര്‍ എന്നും പറയപ്പെടുന്നു. ഫെബ്രുവരിയിലാണ് ആഷ്‌ലി മസ്കിന്‍റെ കുഞ്ഞിന് താന്‍ ജന്മം നല്‍കി എന്ന വിവരം പുറത്തറിയിച്ചത്. കുഞ്ഞിനെ കാണാന്‍ ആകെ മൂന്നു തവണ മാത്രമാണ് മസ്ക് എത്തിയത്. കുഞ്ഞിനെ വളര്‍ത്താന്‍ ആവശ്യമായ പണം നല്‍കണം എന്ന ആവശ്യവുമായി ആഷ്‌ലി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പിതൃത്വം തെളിക്കുന്നതില്‍ നിന്നുപോലും മസ്ക് മാറി നിന്നു. മസ്കിനെ അനുസരിക്കാതെ സ്വരം ഉയര്‍ത്തുന്ന സ്ത്രീകളോട് അയാളുടെ സമീപനം ഇത്തരത്തിലാണ് എന്ന് ആഷ്‌ലി പിന്നീട് ആരോപിക്കുകയും ചെയ്തു.
നാല് പങ്കാളികളില്‍ നിന്നായി 14 മക്കളാണ് മസ്കിനുള്ളത്. ആദ്യത്തെ ഭാര്യയായ ജസിറ്റിന്‍ മസ്കുമായുള്ള ബന്ധത്തില്‍ ആറു മക്കള്‍. ഗായികയായ ഗ്രിംസുമായുള്ള ബന്ധത്തില്‍ മൂന്നു മക്കള്‍. ന്യൂറാലിങ്ക് എക്സിക്യൂട്ടിവായ ഷിവോണ്‍ സിലിസിനും മസ്കിനും നാല് മക്കളുമുണ്ട്. ഇവരെക്കൂടാതെയാണ് ആഷ്‌ലിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടി കൂടിയുള്ളത്.