sikkim-girl

TOPICS COVERED

13കാരിയെ മാസങ്ങളോളം പീഡിപ്പിച്ച എട്ടുപേര്‍ പിടിയില്‍. സിക്കിമിലെ ഗ്യാല്‍ഷിങ് ജില്ലയിലാണ് സംഭവം. സ്കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ശിശുക്ഷേമ വികസനകമ്മിറ്റി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

സ്കൂളിലെ കൗണ്‍‍സിലിങ്ങിനിടെയാണ് കുട്ടിയുടെ മോശം മാനസിക,ശാരീരിക അവസ്ഥയെക്കുറിച്ച് ബോധ്യപ്പെട്ടത്. കുട്ടിയുടെ നാട്ടുകാരിയായ ഒരു സ്ത്രീ നിരന്തരം വിളിക്കുകയും വീട്ടുജോലിക്കായി നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ സ്ത്രീയുടെ ഭര്‍ത്താവുള്‍പ്പെടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

പണം വാങ്ങിയാണ് പെണ്‍കുട്ടിയെ പല പുരുഷന്‍മാര്‍ക്കും കാഴ്ച്ചവെച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത നാലുപേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. നാട്ടുകാരിയേയും ഭര്‍ത്താവിനേയും മറ്റു രണ്ടുപേരെയും നാല് പ്രായപൂര്‍ത്തിയാവാത്തവരെയുമാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്.

ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്. ശിശു സംരക്ഷണസമിതിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് ചികിത്സയും കൗണ്‍സിലിങ്ങും നല്‍കിവരികയാണ്. 

ENGLISH SUMMARY:

8 Arrested For Raping 13-Year-Old Sikkim Girl For Months report says. case was registered under various sections of the BNS and the POCSO Act.