ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബറാംപുർ സർവകലാശാല വിസിയുടെ പണം തട്ടിയ പ്രതികൾ രാജ്യമൊട്ടാകെയുള്ള തട്ടിപ്പ് ശ്യംഖലയിലെ അംഗങ്ങൾ എന്ന് ഒഡീഷ പോലീസ്. ഗുജറാത്തിൽ നിന്ന് അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിലൂടെ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. 14 ലക്ഷം രൂപയാണ് വിസി ഗീതാഞ്ജലി ദാഷിന് നഷ്ടമായത്.
ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തുടരുന്നവരുടെ വിവരങ്ങൾ അനുദിനം പുറത്തുവന്നിട്ടും ഉന്നതരടക്കം ഇരകളാകുന്നത് തുടരുകയാണ്. അനധികൃത പണമിടപാട് കേസിൽ പ്രതിയാണെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നുമുള്ള പ്രതികളുടെ ഭീഷണിയിൽ ഭയപ്പെട്ട ഒഡീഷ ബറാംപുർ സർവകലാശാല വിസി ഗീതാഞ്ജലി ദാഷ് നൽകിയത് 14 ലക്ഷം രൂപയാണ്. തട്ടിപ്പ് മനസ്സിലാക്കിയ ഗീതാഞ്ജലി പ്രശ്നമുണ്ടാക്കിയതോടെ 80,000 രൂപ പ്രതികൾ തിരിച്ചുനൽകി. ഫെബ്രുവരിയിലായിരുന്നു ഇത്.
ബാക്കി തുക ലഭിക്കാതിരുന്നതോടെയാണ് ഗീതാഞ്ജലി ഒഡീഷ പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂതയ്യ ജെനിൽ ജയ്സുഖ്ഭായ് എന്ന 23 കാരനും വിശ്വജിത് സിങ് ഗൊഹിൽ എന്ന 21 കാരനും അറസ്റ്റിലായത്. ഗുജറാത്തിൽ നിന്നാണ് ഇരുവരും പിടിയിലായത്. രാജ്യമൊട്ടാകെയുള്ള തട്ടിപ്പ് ശൃംഖലയിലെ അംഗങ്ങളാണ് ഇവരെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. അതിനാൽ തട്ടിപ്പ് സംഘത്തിലെ കൂടുതൽ പേരെ കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്നാണ് ഒഡീഷ പൊലീസിൻറെ പ്രതീക്ഷ. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.