കേന്ദ്രസര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്നാട് സര്‍ക്കാര്‍. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് സമിതി അധ്യക്ഷന്‍. സംസ്ഥാനങ്ങളില്‍ പരമാവധി സ്വയംഭരണം ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്രം എടുത്ത് കളയുകയാണ്. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പാടുപെടേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതിയെ നിയോഗിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
ഭരണഘടനയിലെ വ്യവസ്ഥകളും കേന്ദ്ര– സംസ്ഥാന ബന്ധങ്ങളെ ബാധിച്ചേക്കാവുന്ന നിലവിലുള്ള എല്ലാ നിയമങ്ങളും ഉത്തരവുകളും നയങ്ങളുമെല്ലാം ഉന്നതതല സമിതി പരിശോധിക്കും. ഭരണഘടനയുടെ നിലവിലുള്ള വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സ്റ്റേറ്റ് ലിസ്റ്റില്‍ നിന്ന് കണ്‍കറന്‍റ് ലിസ്‌റ്റിലേക്ക് മാറ്റിയവ തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.
മികച്ച ഭരണം കാഴ്ചവയ്ക്കുന്നതില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ഉളള നടപടികള്‍ നിര്‍ദേശിക്കുക, രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കോട്ടം തട്ടാതെ ഭരണ വകുപ്പികളിലും അസംബ്ലികളിലുമെല്ലാം സംസ്ഥാനങ്ങളുടെ പരമാവധി സ്വയം ഭരണം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് സമിതിയുടെ ചുമതല. കേന്ദ്ര – സംസ്ഥാന ബന്ധങ്ങില്‍ സമിതി സമഗ്ര പരിശോധന നടത്തും.
ഫെഡറല്‍ തത്വങ്ങളില്‍ പുനപരിശോധന ആവശ്യമോ എന്നതടക്കം പരിഗണന വിഷയങ്ങളാണ്. ജനുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ടും രണ്ടുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ടും നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 1969–ല്‍ കരുണാനിധി രാജമണ്ണാര്‍ സമിതിയെ നിയോഗിച്ചതിന്‍റെ ആവര്‍ത്തനമാണിത്. നീറ്റ്, ത്രിഭാഷ നയം, ജിഎസ്‌ടി, മണ്ഡല പുനര്‍നിര്‍ണയം തുടങ്ങിയ വിഷയങ്ങള്‍ ഉദാഹരണമായി പറഞ്ഞാണ് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത തമിഴ്നാട് മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടിയത്. സമിതിയെ നിയോഗിച്ചത് തമിഴ്നാടിന് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാനം പോരാട്ടത്തിലാണ്. അതിനിടെയാണ് ഇത്തരം നീക്കം.