സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിയാക്കിയുള്ള നാഷനൽ ഹെറൾഡ് കേസിലെ ED കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗം മാത്രമെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ല. ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി പോകുമെന്നതിനാൽ തട്ടിക്കൂട്ടിയ കുറ്റപത്രമാണ്. റോബർട്ട് വാധ്‌രക്കെതിരായ ED നടപടി ഗാന്ധി കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണെന്നും കെ.സി വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു.
നാഷണൽ ഹെറാൾഡ് ഇടപാടിലൂടെ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് ഗൂഢാലോചന നടത്തിയതെന്ന് ഇഡി കുറ്റപത്രം. 5000 കോടിയുടെ അഴിമതിയാണ് നടന്നത്. സെക്ഷൻ 25-ന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യംഗ് ഇന്ത്യ ഒരു ജീവകാരുണ്യ പ്രവർത്തനവും നടത്തിയിട്ടില്ല. AJL സ്വത്തുവകകളുടെ ഉടമസ്ഥാവകാശം സോണിയാഗാന്ധിയിലേക്കും രാഹുൽ ഗാന്ധിയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു എന്നും കുറ്റപത്രത്തിൽ പറയുന്നു. സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് റൗസ് അവന്യു കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
സുമൻ ദുബെ, സാം പിട്രോഡ, സുനിൽ ഭന്ധാരി, യങ് ഇന്ത്യ, ഡോട്ടെക്സ് മെർച്ചൻഡൈസ്, എന്നിവരും പ്രതിപട്ടികയിലുണ്ട്. അതേസമയം ഇഡി നടപടിക്കെതിരെ കോൺഗ്രസ് ഇന്ന് പിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഇഡി ഓഫീസുകൾക്കും സർക്കാർ ഓഫിസുകൾക്ക് മുൻപിലാണ് പ്രതിഷേധിക്കുക.