സിഎംആര്‍എല്‍–- എക്സാലോജിക് ദുരൂഹ ഇടപാടില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വടക്കന്‍ പറവൂര്‍ സ്വദേശി എം.ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇന്ററിംസെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാണ് ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
അതേസമയം, സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടന്‍ തീരുമാനമെടുക്കും. എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി.
എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമന്‍സ് അയയ്ക്കാനാണ് ഇഡിയുടെ നീക്കം. എസ്എഫ്ഐഒ സമര്‍പിച്ച കുറ്റപത്രം എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് ഫയലില്‍ സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തി. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറാനുള്ള തീരുമാനം.