സംവരണത്തിൽ ബിഹാറിലെ നിതീഷ് കുമാർ സർക്കാരിന് വൻ തിരിച്ചടി. ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽനിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം പട്ന ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ ബിഹാർ സർക്കാർ ഉടൻ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
ബിജെപി അതിശക്തമായി എതിർത്ത, ജാതി സർവേ നടത്തിയാണ് നിതീഷ് കുമാർ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം 65 ശതമാനമാക്കി ഉയർത്തിയത്. സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള കേന്ദ്രസർക്കാരിൻറെ 10 ശതമാനം സംവരണം കൂടി ഉൾപ്പെടുന്നതോടെ ആകെ സംവരണം 75 ശതമാനമായി ഉയർന്നു. ഒരുകൂട്ടം ഹർജികളാണ് ബിഹാർ സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് കോടതിയുടെ പരിഗണനയ്ക്ക് വന്നത്.
സംവരണമുയർത്തൽ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം, അവസര സമത്വം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ന ഹൈക്കോടതി സർക്കാർ തീരുമാനം റദ്ദാക്കിയത്. ജാതി സർവേ പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യയുടെ 63 ശതമാനത്തോളം പേർ ഒബിസി, ഇബിസി വിഭാഗത്തിൽപ്പെട്ടവരാണ്. നിതീഷ് കുമാർ ഉയർത്തിയ ജാതി സെൻസസ് ആണ് രാഹുൽ ഗാന്ധിയുൾപ്പെടുന്ന ഇന്ത്യ സഖ്യ നേതാക്കൾ തിരഞ്ഞെടുപ്പിൽ ഉന്നയിച്ചത്. പ്രചാരണ രംഗത്ത് ഇതിനെതിരെ നരേന്ദ്രമോദി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടങ്ങാൻ നിതീഷ് കുമാർ തീരുമാനിച്ചാൽ കേന്ദ്രത്തിലെ സഖ്യകക്ഷിയായ ബിജെപിയുടെ പ്രതികരണം നിർണായകമാവും.