new-criminal-law

TOPICS COVERED

രാജ്യത്തെ നിയമ വ്യവസ്ഥയിലെ സുപ്രധാന പരിഷ്കാരമായി പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ഐ.പി.സിക്കും സിആര്‍പിസിക്കും തെളിവു നിയമത്തിനും പകരമാണ് പുതിയ നിയമങ്ങള്‍.  പെറ്റിക്കേസുകളില്‍ ഇനി പിഴയടച്ച് തലയൂരാനാവില്ല, ഗുരുതര കുറ്റങ്ങളുടെ ശിക്ഷ കടുക്കും. മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം. 

 

ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ ന്യായ സംഹിത,  സിആർപിസിയുടെ സ്ഥാനത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമം ഇനി ഭാരതീയ സാക്ഷ്യ അധിനിയം.  സ്വാതന്ത്ര്യം നേടുംമുന്‍പുതന്നെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ ജാതകമായിരുന്ന നിയമങ്ങളിലെ പരിഷ്കാരം പ്രാബല്യത്തിലായിരിക്കുന്നു.  ഐ.പി.സിയിലെ മിക്ക നിയമങ്ങളും ഇനിയും തുടരും, എന്നാല്‍ പെറ്റികേസുകള്‍ മുതല്‍ ആള്‍ക്കുട്ടകൊലപാതകം വരെയുള്ള നിരവധി കുറ്റങ്ങളുടെ ശിക്ഷകള്‍  മാറുന്നു. രാജ്യദ്രോഹം കുറ്റം ഇനിയില്ല എന്നതാണ് സുപ്രധാനമായ മാറ്റം, പകരം, ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ ഇനി ഭീകരപ്രവര്‍ത്തന കുറ്റമാണ്. ശിക്ഷകളില്‍ വധശിക്ഷയും പരോളില്ലാത്ത തടവും സ്വത്ത് കണ്ടുകെട്ടലും ഉള്‍പ്പെടുന്നു.  വിഘടനവാദം, സായുധ കലാപം എന്നിവയ്ക്കൊപ്പം ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും ജീവപര്യന്തം വരെ ലഭിക്കുന്ന കുറ്റമാണ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ നിലവിലെ വകുപ്പുകള്‍ക്കുപുറമേ കൂട്ടിചേര്‍ക്കലുണ്ട്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ ശിക്ഷ ജീവപര്യന്തമോ വധശിക്ഷയോ ആയി കടുപ്പിച്ചു.  വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതും കുറ്റകരം. 

ആൾക്കൂട്ടക്കൊലപാതകം ജാതി, ഭാഷ, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷക്കൊലപാതകം എന്നിവക്കുള്ള ശിക്ഷ ഏഴു വര്‍ഷം തടവുമുതല്‍  ജീവപര്യന്തം തടവോ വധശിക്ഷയോയായി വര്‍ധിപ്പിച്ചു.  തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെല്ലാം ഇനി ആസൂത്രിത കുറ്റമാകും.  മദ്യപിച്ച് പ്രശ്നമുണ്ടാക്കല്‍, പൊതുസ്ഥലത്തെ പുകവലി, അശ്രദ്ധമായ വാഹനമോടിക്കല്‍ തുടങ്ങിയ പെറ്റിക്കേസുകള്‍ക്ക് ശിക്ഷ ഇനി പിഴയിലൊതുങ്ങില്ല, പ്രതിഫലമില്ലാത്ത സാമൂഹ്യസേവനവും ചെയ്യണം.

കുറ്റകൃത്യം നടന്നത് എവിടെയായാലും രാജ്യത്തെ ഏത് പൊലീസ് സ്റ്റേഷനിലും ഇനി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. ഡിജിറ്റല്‍ തെളിവുകളും പ്രാഥമിക തെളിവുകളായി കണക്കാക്കും. കേസുകളിലെ കാലതാമസം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും പുതിയ നിയമത്തിന്‍റെ ഭാഗമാണ്.  90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം, അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണം,വിചാരണപൂര്‍ത്തിയായാല്‍ 30 ദിവസത്തിനകം വിധിപറയണം.  പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായെങ്കിലും നിയമരംഗത്തുള്ളവരില്‍തന്നെ ആശയക്കുഴപ്പവും ആശങ്കകളും അവശേഷിക്കുന്നു.  തീവ്രവാദകുറ്റമുള്‍പ്പെടെ ദുരുപയോഗത്തിന് സാധ്യതയുള്ള വകുപ്പുകളേറെയാണെന്ന വിമര്‍ശനവുമുണ്ട്. 

.