supreme-Court

വിവാഹ മോചിതയായ മുസ്​ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി.  ക്രിമിനല്‍ നടപടിക്രമത്തിന്റെ 125-ആം വകുപ്പ് എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുൻഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി നിർദ്ദേശം ചോദ്യംചെയ്ത് മുസ്​ലിം യുവാവ് നല്‍കിയ ഹര്‍ജി കോടതി തള്ളി.  ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള ഹര്‍ജിയില്‍ തീരുമാനം വൈകിയാല്‍ മുസ്​ലിം വനിതകളുടെ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് ജീവനാംശം തേടാമെന്നും ജസ്റ്റിസുമാരായ ബി.വി.നാഗരത്‌നയും അഗസ്റ്റിൻ ജോർജ് മസിഹും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

മുഹമ്മദ് അബ്ദുല്‍ സമദ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുന്‍ഭാര്യയ്ക്ക് 20,000 രൂപവീതം ജീവനാംശമായി നല്‍കണമെന്നായിരുന്നു തെലങ്കാനയിലെ കുടുംബ കോടതി ആദ്യം വിധിച്ചത്. യുവതിയെ പരാതിക്കാരന്‍ മുത്തലാഖ് ചൊല്ലിയാണ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നത്. തെലങ്കാന കുടുംബകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇടക്കാല ജീവനാംശമായി പതിനായിരം രൂപ നല്‍കണമെന്നായിരുന്നു വിധി. ഇത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുല്‍ സമദ് സുപ്രീംകോടതിയിലെത്തിയത്. 

ENGLISH SUMMARY:

Divorced Muslim women can claim maintenance from her ex husband, says Supreme Court.