manish-sisodia-granted-bail

മദ്യനയ അഴിമതിക്കേസില്‍ 17 മാസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. വിചാരണ തുടങ്ങാനുള്ള കാലതാമസം പരിഗണിച്ചാണ് സി.ബി.ഐ, ഇ.ഡി കേസുകളില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.  വിചാരണ വൈകിയതില്‍ വിമര്‍ശനമുന്നയിച്ച കോടതി ജാമ്യം ചട്ടമാണെന്നും ഓര്‍മിപ്പിച്ചു. തിഹാര്‍ ജയിലില്‍നിന്ന് ഇന്നുതന്നെ സിസോദിയ പുറത്തിറങ്ങിയേക്കും.

 

ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയക്കും ഒടുവില്‍ സുപ്രീം കോടതിയില്‍നിന്ന് ആശ്വാസ വിധി. ആ മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിചാരണ പോലും തുടങ്ങാത്തത് കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.  വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം സിസോദിയക്ക് ലഭിച്ചില്ലെന്നും ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുന്നത് നിയമവ്യവസ്ഥയോടുള്ള പരിഹാസമാകുമെന്നും ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.  

493 സാക്ഷികളുള്ള കേസില്‍ സമീപഭാവിയിൽ വിചാരണ അവസാനിക്കാനുള്ള സാധ്യതയില്ല, വിചാരണക്കോടതിയും ഹൈക്കോടതിയും ഇക്കാര്യം പരിഗണിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ബെഞ്ച് വിചാരണ വൈകുന്നതിന് സിസോദിയയും ഉത്തരവാദിയാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലും ഹൈക്കോടതിയുടെ പ്രതികൂല പരാമർശങ്ങളും തള്ളി. സത്യം വിജയിച്ചെന്ന് ആം ആദ്മി പാര്‍ട്ടി. 

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, 10 ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.  കേസില്‍ പ്രതിരോധത്തിലായിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് ജാമ്യം വലിയ ആശ്വാസമാണ്, അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയും. ഇ.ഡി കേസില്‍ കേജ്രിവാളിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം നല്‍കിയിരുന്നെങ്കിലും സി.ബി.ഐ കേസില്‍ അദ്ദേഹം ജയിലില്‍ തുടരുകയാണ്.