ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയാണ് ഉത്തരവ്. അതേസമയം റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ചകൂടി നീട്ടി. മൊഴിനല്കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.
സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന് ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്. ഇവര്‍ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോര്‍ട്ട് കൈമാറുമ്പോള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.
പരാതികളിലും മൊഴികളിലും വസ്തുപരമായി പരിശോധന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലെ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്ദേശിക്കാനായാണ് മൊഴികള്‍ ഒപ്പം ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോട്ടിലെ ചില പേജുകള്‍ പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ മറ്റുചില പേജുകളിലെ ചില ഖണ്ഡിക മാത്രമായും ഒഴിവാക്കിയിട്ടുണ്ട്. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലും അനുബന്ധമേഖലകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.