kerala-hc-on-hema-committee

ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തുകൂടെ എന്ന് ഹൈക്കോടതി . റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാടും കോടതി ആരാഞ്ഞു. ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി.

റിപ്പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും ആരാഞ്ഞു.  ആരെങ്കലും പരാതിയുമായി വന്നാല്‍ നടപടി എടുക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. കേസില്‍ വനിതാ കമ്മിഷനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് നാലര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സ്വകാര്യത ഹനിക്കുന്ന പരാമര്‍ശങ്ങളുള്ള പേജുകള്‍  ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 

അതേസമയം, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പരാതി ലഭിക്കാതെയും കേസെടുക്കാന്‍ നിയമമുണ്ടെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. പരിഷ്കരിച്ച നിയമങ്ങള്‍ നിലവിലുണ്ടെന്നും മന്ത്രി ഡല്‍ഹിയില്‍ പറ​ഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിഞ്ഞുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

Kerala High Court seeks the government's stance on the Hema Committee report and has asked the government to submit the full version in a sealed cover.