സര്‍ക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണോയെന്ന് തീരുമാനിക്കാന്‍ ഫാക്ട് ചെക്കിങ് യൂണിറ്റുകള്‍ സ്ഥാപിച്ച കേന്ദ്രനീക്കത്തിന് വന്‍ തിരിച്ചടി. ഇതിനായി 2023ല്‍ ഐടി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ബോംബെ ഹൈക്കോടതി റദ്ദാക്കി. ഭേദഗതി ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് അതുല്‍ ചന്ദുര്‍കര്‍ വിധിച്ചു. നിയമത്തിനുമുന്നില്‍ തുല്യതയ്ക്കുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം, ജീവനോപാധിക്കുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഭേഗഗതികളെന്നാണ് വിധി. ഓണ്‍ലൈന്‍ വാര്‍ത്താ കണ്ടന്റിനെയും അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താ കണ്ടന്റിനെയും വ്യത്യസ്തമായി പരിഗണിക്കുന്നുവെന്നതാണ് ചട്ടത്തിലെ ന്യൂനത.
സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണോ എന്ന് വിധിയെഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലാണ് സര്‍ക്കാര്‍ ഫാക്ട് ചെക്കിങ് യൂണിറ്റുകള്‍ സ്ഥാപിച്ചത്. വാര്‍ത്ത വ്യാജമാണെന്ന് ഈ യൂണിറ്റ് വിധിച്ചാല്‍ ഫെയ്സ്ബുക്കും എക്സും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ആ വാര്‍ത്ത നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതിനെതിരെ ഓണ്‍ലൈന്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാരടക്കം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് ആദ്യം പരിഗണിച്ച ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്നവിധിയാണ് പ്രസ്താവിച്ചത്. ജസ്റ്റിസ് ഗൗതം പട്ടേല്‍ ഐടി ചട്ടം ഭേഗഗതി ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചപ്പോള്‍ ഡോ. ജസ്റ്റിസ് നീല ഗോഖലെ ഫാക്ട് ചെക്ക് യൂണിറ്റുകള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ വ്യക്തികള്‍ക്കോ സര്‍ക്കാരിനെതിരായ വാര്‍ത്തകളെ നിഷ്പക്ഷമായി വിലയിരുത്താന്‍ കഴിയില്ലെന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്നായിരുന്നു ജസ്റ്റിസ് ഗോഖലെയുടെ നിലപാട്. അഭിപ്രായസ്വാതന്ത്ര്യത്തെ ഐടി ചട്ടം തടസപ്പെടുത്തുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഡിവിഷന്‍ ബെഞ്ചില്‍ തീരുമാനമാകാതെ വന്നതോടെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ ഫെബ്രുവരിയില്‍ ജസ്റ്റിസ് ചന്ദ്രുകറിനെ അന്തിമ തീരുമാനം പറയാന്‍ ചുമതലപ്പെടുത്തി. ‘ടൈ ബ്രേക്കര്‍’ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുകര്‍ ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ടു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഡിയോകള്‍ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റാണെന്ന് ഫാക്ട് ചെക്ക് യൂണിറ്റുകള്‍ വിധിച്ചാല്‍ അത് പോസ്റ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തന്നെ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടെന്ന് ഹര്‍ജിക്കാരനായ ആക്ഷേപഹാസ്യകാരന്‍ കുണാല്‍ കാംറ ചൂണ്ടിക്കാട്ടി. ഇത് തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണ്. കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുകയല്ലാതെ മറ്റ് പരിഹാരമാര്‍ഗങ്ങളില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
വിശ്വാസ്യതയുള്ള വിവരങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് ചട്ടം ഭേദഗതിയെന്ന് ഐടി മന്ത്രാലയം വാദിച്ചു. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നായിരുന്നു മറുവാദം. കോവിഡ് കാലത്തെ മരണസംഖ്യ ഉള്‍പ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. വിശദമായ വാദത്തിനൊടുവില്‍ ജസ്റ്റിസ് ചന്ദ്രുകര്‍ ജസ്റ്റിസ് ഗൗതം പട്ടേലിന്‍റെ അഭിപ്രായങ്ങളോട് യോജിച്ചു. ഐടി ചട്ടം ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു. ഈ വിധിയോടെ ഐടി ചട്ടത്തിലെ വിവാദ വ്യവസ്ഥകളും പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റുകളും അസാധുവായി. വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചാല്‍ നിയമപോരാട്ടം നീളും.