മരുമകളെ ടിവി കാണാന്‍ അനുവദിക്കാത്തത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും കോടതി വെറുതെ വിട്ടു. 20 വര്‍ഷം മുന്‍പ് കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.
ഭാര്യയെ ടിവി കാണാനും ക്ഷേത്രത്തില്‍ പോകാനും അയല്‍വാസികളുമായി സംസാരിക്കാനും അനുവദിച്ചിരുന്നില്ലെന്നും ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരിഹസിച്ചെന്നുമുള്ള ആരോപണമാണ് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയര്‍ന്നത്. ഇത് കൂടാതെ അര്‍ധ രാത്രി വെള്ളം എടുക്കാന്‍ നിര്‍ബന്ധിച്ചെന്നും കാര്‍പറ്റിലാണ് ഉറങ്ങാന്‍ അനുവദിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം ഐപിസി സെക്ഷന്‍ 498എ പ്രകാരം കുറ്റകൃത്യങ്ങളുടെ പരാതിയില്‍ വരില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഇവര്‍ താമസിച്ചിരുന്ന ഗ്രാമത്തില്‍ അര്‍ധരാത്രി വെള്ളം വിതരണത്തിനായി വരുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും അര്‍ധരാത്രി വെള്ളം എടുക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
2002 ഡിസംബര്‍ 24നായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും മാനസീകവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ആത്മഹത്യാ പ്രേരണ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തി കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.