വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നിര്‍ണായക യോഗം ഇന്ന്. ബില്ലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാനാണ് യോഗം. വെള്ളിയാഴ്ച ചേര്‍ന്ന യോഗം പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായിരുന്നു.
പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം 31 ന് തുടങ്ങാനിരിക്കെ വഖഫ് ബില്‍ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടിന് രൂപംനല്‍കാനാണ് ഇന്നത്തെ യോഗം. ബില്ലിലെ ഓരോ ഭേദഗതികളും ചര്‍ച്ചചെയ്ത് അംഗങ്ങള്‍ അഭിപ്രായമറിയിക്കും. ആവശ്യമായ മാറ്റങ്ങളും നിര്‍ദേശിക്കും. ഇന്നത്തെ യോഗം മാറ്റിവയ്ക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ അംഗങ്ങള്‍. ഇക്കാര്യമാവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രതിഷേധിക്കുകയും തുടര്‍ന്ന് 10 അംഗങ്ങളെ അധ്യക്ഷന്‍ ഒരുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമോ എന്നത് നിര്‍ണായകമാണ്.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരക്കിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധ്യക്ഷന്‍ ജഗദംപികാപാല്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് ഭരണപക്ഷ അംഗങ്ങളും പറയുന്നു. ശീതകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജെ.പി.സിയോട് സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നത്. കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബജറ്റ് സമ്മേളനം വരെ കാലാവധി നീട്ടുകയായിരുന്നു.