court-mumbai

TOPICS COVERED

പുരുഷനൊപ്പം ഒരു സ്ത്രീ ഹോട്ടലില്‍ മുറിയെടുത്താല്‍ അതിനെ ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കേണ്ടെന്ന് ബോംബെ ഹൈക്കോടതി. ബലാല്‍സംഗക്കേസില്‍ ഗുല്‍ഷര്‍ അഹമ്മദ് എന്ന പ്രതിക്കെതിരായ കീഴ്ക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഹോട്ടലില്‍ മുറിയെടുക്കാന്‍ സ്ത്രീ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ ലൈംഗിക ബന്ധത്തിന് സ്ത്രീ സമ്മതം നല്‍കിയതായി വിലയിരുത്തിക്കൊണ്ടായിരുന്നു വിചാരണ കോടതിയുടെ വിധി. 

പ്രതിക്കൊപ്പം സ്ത്രീ ഹോട്ടല്‍മുറിയിലെത്തിയിരുന്നതിനാല്‍ പ്രതിക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് വിചാരണ കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അതിനായി ഏജന്‍സിയെ കാണാനെന്ന് വിശ്വസിപ്പിച്ചാണ് പ്രതി സ്ത്രീയെ ഹോട്ടലിലെത്തിച്ചത്. ഇരുവരും ഒന്നിച്ചാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. മുറിയില്‍ കടന്നതിന് പിന്നാലെ പ്രതി, സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പ്രതി ശുചിമുറിയില്‍ കയറിയ തക്കം നോക്കി താന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് രക്ഷപെടുകയായിരുന്നുവെന്നാണ് സ്ത്രീ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 376, 506 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ യുവതി സ്വമേധയാ ഹോട്ടല്‍ മുറിയില്‍ പോയത് കൊണ്ട് ലൈംഗിക ബന്ധത്തിന് സമ്മതം മൂളുകയായിരുന്നു എന്ന് വിലയിരുത്തിയാണ് വിചാരണ കോടതി 2021 ല്‍ പ്രതിയെ വെറുതെ വിട്ടത്. ഇതിനെതിരെ യുവതി അപ്പീല്‍ നല്‍കുകയായിരുന്നു.  പുരുഷനൊപ്പം ഹോട്ടല്‍ മുറിക്ക് അകത്ത് സ്ത്രീ കടന്നാല്‍ പോലും അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ഭരത് പി ദേശ്​ പാണ്ഡയുടെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

The Bombay High Court held that if a woman takes a room in a hotel with a man, it does not mean consent to sex.