AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
മഹാരാഷ്ട്രയിലെ താനെയില്‍ ഒന്‍പതുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചയാള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ് വിധിച്ച് ജില്ലാ കോടതി. പ്രതി അമര്‍നാഥ് ബെച്ചു യാദവ് രണ്ടായിരം രൂപ പിഴയും അടയ്ക്കണം. ഈ തുക കുട്ടിക്ക് നല്‍കണം. ഒപ്പം ‘മനോധൈര്യ’ പദ്ധതിയനുസരിച്ച് കുട്ടിക്ക് നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോടും പ്രത്യേക ജഡ്ജി റൂബി യു.മല്‍വാങ്കര്‍ നിര്‍ദേശിച്ചു.
2019 മേയ് 18ന് താനെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പതുകാരിയെ പിന്തുടര്‍ന്ന അമര്‍നാഥ് കുട്ടിയെ എടുത്തുകൊണ്ടുപോകുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നായിരുന്നു അമ്മ നല്‍കിയ പരാതി. കുട്ടി ഉറക്കെ നിലവിളിച്ചപ്പോള്‍ ഇയാള്‍ ഓടിപ്പോകുകയായിരുന്നു. പോക്സോ നിയമത്തിലെ 7, 8, 354A(1)(i) വകുപ്പുകള്‍ പ്രകാരം അമര്‍നാഥ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
മൂന്ന് സാക്ഷികളെ മാത്രമാണ് കേസില്‍ വിസ്തരിച്ചത്. കുട്ടിയും അമ്മയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു സാക്ഷികള്‍. ഇവരുടെ മൊഴികളും പ്രതിയുടെ തുടര്‍ന്നുള്ള പെരുമാറ്റവും കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പര്യാപ്തമാണെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. ഈമാസം 13 ന് വിധിയെഴുതിയെങ്കിലും ഇന്നാണ് പുറത്തുവിട്ടത്.