ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണിയുടെ യോഗം ജൂൺ ഒന്നിന് ഡൽഹിയിൽ ചേരും. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ മറികടന്നുകഴിഞ്ഞു എന്നാണ് ഇന്ത്യ മുന്നണിയുടെ അവകാശവാദം. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിന് എത്തുമോ എന്നത് നിർണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂൺ ഒന്നിന് വൈകിട്ട് ഏഴുമണിക്കാണ് ഇന്ത്യ സഖ്യം ഡൽഹിയിൽ അവലോന യോഗം ചേരുക.
തിരഞ്ഞെടുപ്പ് പ്രകടനം, ഭാവി നീക്കങ്ങൾ തുടങ്ങിയവ യോഗം ചർച്ച ചെയ്യും. ഭരണം ലഭിച്ചാൽ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യം ഉയർന്നിരുന്നു എങ്കിലും ഇതുവരെയും ഇന്ത്യ മുന്നണി നേതാക്കൾ പ്രതികരിച്ചിട്ടില്ല. ഇന്ത്യ സഖ്യം ഇതിനകം തന്നെ ഭൂരിപക്ഷം നേടിയെന്നും 350 ൽ കൂടുതൽ സീറ്റുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നുമാണ് കോൺഗ്രസ് അവകാശവാദം. കേവല ഭൂരിപക്ഷം കടക്കാനുള്ള വോട്ടുകൾ കഴിഞ്ഞ ആറു ഘട്ടങ്ങളിലൂടെ ലഭിച്ചെന്ന ആത്മവിശ്വാസം മറ്റു പ്രതിപക്ഷ പാർട്ടികളും പ്രകടിപ്പിക്കുന്നു.
സമയം നീട്ടി ചോദിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ജൂൺ രണ്ടാം തിയതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടതുള്ളതിനാൽ അത് കൂടി കണക്കിലെടുത്താണ് യോഗം ചേരുന്നത്. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ പുറത്തുനിന്നേ പിന്തുണയ്ക്കു എന്ന് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിന് എത്തുമോ എന്നത് നിർണായകമാണ്. മമത യോഗത്തിന് എത്തിയാൽ അത് ഇന്ത്യ മുന്നണിക്ക് ഇരട്ടി ശക്തിയാകും.