പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെ ചോദ്യം ചെയ്ത് സിപിഐ. ഇന്ത്യസംഖ്യത്തിലെ പാര്‍ട്ടിക്കെതിരെ പ്രിയങ്ക മല്‍സരിക്കുന്നത് രാഷ്ട്രീയമായി തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമന്യൂസിനോട് പറഞ്ഞു.  മുഖ്യശത്രു ബിജെപിയാണെങ്കില്‍ ഇന്ത്യ സംഖ്യത്തിലെ പാര്‍ട്ടിക്കെതിരെ മല്‍സരിക്കാന്‍ ഇത്രയും ദൂരം താണ്ടി പ്രിയങ്ക വരുന്നത് എന്തിനെന്നും അദ്ദേഹം വിമര്‍ശിച്ചു. Also Read: ആദ്യം റോഡ് ഷോ, പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം; കന്നിയങ്കത്തിന് പ്രിയങ്ക

അതേസമയം, വയനാട്ടിൽ പ്രിയങ്കാഗാന്ധി ഇന്ന് നാമ നിർദേശ പത്രിക നൽകും. വരണാധികാരിയായ വയനാട് ജില്ലാ കലക്ടർ ഡി. ആർ.മേഘശ്രീ മുമ്പാകെ 12 മണിയോടെയാണ് പത്രികാ സമർപ്പണം. കൽപ്പറ്റയിൽ പതിനായിരങ്ങളെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമർപ്പിക്കുക. പ്രിയങ്കയുടെ അരങ്ങേറ്റത്തിനു എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും സോണിയാ ഗാന്ധിയുമടക്കം പ്രമുഖർ സാക്ഷിയാകും.

കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കൽപ്പറ്റയിലെത്തും. രാവിലെ 11 മണിയോടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ചു കൽപ്പറ്റ മഹാറാണി വസ്ത്രാലയ പരിസരത്ത് സമാപിക്കും വിധമാണ് റോഡ് ഷോ.  

ENGLISH SUMMARY:

Binoy Viswam stated that it is politically incorrect for Priyanka to contest against a party within the INDIA alliance.