എക്സിറ്റ് പോളുകള്‍ തുടര്‍ ഭരണം പ്രവചിച്ചത് ബിജെപിയെ ആവേശത്തിലാക്കിയതിനിടെ പുതിയ സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ പരിപാടി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായാല്‍ വോട്ടിങ് യന്ത്രത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് അടക്കം പ്രതിപക്ഷം നടത്താന്‍ സാധ്യതയുള്ള പ്രചാരണങ്ങള്‍ നേരിടാന്‍ ബിജെപി തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു.
പുതിയ സര്‍ക്കാരിന്‍റെ നൂറ് ദിവസത്തെ കര്‍മ പരിപാടി തയ്യാറാക്കാന്‍ നേരത്തെ മന്ത്രിമാരോടും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ നിര്‍ദേശിച്ചിരുന്നു. കാബിനറ്റ് സെക്രട്ടറിക്കാണ് ഏകോപനച്ചുമതല. ജിഎസ്ടി നികുതി ഘടനയിലെ മാറ്റം, പാപ്പരത്ത നിയമത്തിലെ പരിഷ്ക്കാരങ്ങള്‍, സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ തുടങ്ങിയവ നൂറ് ദിന അജന്‍ഡയിലുണ്ട്.
ഏക വ്യക്തി നിയമം, ഒരു രാജ്യം ഒരേ സമയം തിരഞ്ഞെടുപ്പ് എന്നിവ മുന്‍ഗണനാ പട്ടികയിലുണ്ടെങ്കിലും വിശദമായ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷമായിരിക്കും പുറത്തെടുക്കുക. വോട്ടെണ്ണല്‍ നിഷപക്ഷമാകണമെന്ന് ഇന്നലെ ഇന്ത്യ മുന്നണി യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടത് യഥാര്‍ഥ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് അടക്കം നടത്താന്‍ ഇടയുള്ള പ്രചാരണത്തിന്‍റെ സൂചനയായാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.
മോദിയുടെ വന്‍ വിജയത്തിനെതിരെ വോട്ടിങ് യന്ത്രത്തിന്‍റെ വിശ്വാസ്യത, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിഷ്പക്ഷത എന്നിവ ഉന്നയിച്ച് പ്രതിപക്ഷ വ്യാജപ്രചാരണം നടത്താന്‍ ഇടയുണ്ടെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ഇവ പ്രതിരോധിക്കാന്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി ഐടി വിഭാഗം മേധാവി അമിത് മാള്‍വിയ എന്നിവര്‍ പങ്കെടുത്ത യോഗം ഇന്നലെ ചേര്‍ന്നു. വോട്ടിങ് യന്ത്രത്തിന്‍റെ വിശ്വാസ്യത തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹാക്കത്തോണ്‍ സംഘടിപ്പിച്ചത് അടക്കം കോണ്‍ഗ്രസിന്‍റെ വാദങ്ങളുടെ മുനയൊടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ ബിജെപി വിപുലമായ പ്രചാരണം നടത്തും.
പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രത്യാക്രമണത്തിന് ബിജെപി ഒരുങ്ങുന്നത്. ബിജെപി വന്‍ വിജയം നേടിയാല്‍ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചില സന്നദ്ധസംഘടനകളും സാമൂഹിക പ്രവര്‍ത്തകരും സൂചന നല്‍കിയിരുന്നു. ഇതിനെയും ബിജെപി ശക്തമായി പ്രതിരോധിക്കുമെന്ന് അശ്വിനി വൈഷണവ് പങ്കെടുത്ത യോഗം തീരുമാനിച്ചു..