മൂന്നാം മോദി സർക്കാർ വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സുരേഷ് ഗോപി അടക്കം മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കും. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരത്തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും പങ്കെടുക്കും. കേരളത്തിൽ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്സഭ സ്ഥാനാർഥികളും പങ്കെടുക്കും.
വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിക്കും. തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുപ്പ് ജയിച്ച് പ്രധാനമന്ത്രി പദവിയിലെത്തുകയെന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പം നരേന്ദ്ര മോദി എത്തി. മന്ത്രിസഭാ രൂപീകരണത്തിൽ സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ചകൾ പൂർത്തിയാക്കി. ടി.ഡി.പിക്കും ജെ.ഡി.യുവിനും ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനം വീതവും ലഭിച്ചേക്കും. എച്ച്. ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി, പ്രഫുൽ പട്ടേൽ, ചിരാഗ് പാസ്വാൻ തുടങ്ങിയ സഖ്യകക്ഷി നേതാക്കൾ മന്ത്രിമാരാകും. സത്യപ്രതിജ്ഞാച്ചടങ്ങ് കണക്കിലെടുത്ത് ഡൽഹി കനത്ത സുരക്ഷാവലയത്തിലാണ്.
അതേസമയം ചടങ്ങിലേക്ക് ഇന്ത്യ മുന്നണി നേതാക്കൾക്കും എംപിമാർക്കും ക്ഷണമില്ല. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, സി.പി.എം, സി.പി.ഐ, ആർ.എ.സ്പി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ക്ഷണം ലഭിച്ചിട്ടില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും അറിയിച്ചു. രാജ്യന്തര പ്രമുഖർക്ക് ക്ഷണമുണ്ടെങ്കിലും പ്രതിപക്ഷത്തിന് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പരിഹസിച്ചു. സ്വയം ഉയർത്തി കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട മോദിക്ക് തിരിച്ചടിയാണ് ഫലം. പ്രധാനമന്ത്രിയാകാൻ ധാർമികമോ രാഷ്ട്രീയമോ ആയ അവകാശമില്ലെന്നും ജയറാം രമേശ് പ്രതികരിച്ചു. ജനാധിപത്യപരവിരുദ്ധവും നിയമവിരുദ്ധവുമായി രൂപീകരിക്കുന്ന ഒരു സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ താനോ തന്റെ പാർട്ടിയോ പങ്കെടുക്കില്ലെന്ന്ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും വ്യക്തമാക്കിയിരുന്നു.