ഷാരോണിനെ കൊന്ന കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് സഹോദരന്‍ ഷിമോണ്‍. അതേസമയം ഗ്രീഷ്മയുടെ അമ്മയെ വെറുതേ വിട്ടത് അംഗീകരിക്കുന്നുവെന്നും സിന്ധുവിനെതിരെ അപ്പീല്‍ പോകില്ലെന്നും ഷിമോണ്‍ മനോരമന്യൂസിനോട് പറഞ്ഞു. കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പുറമെ മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുടെ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതേ വിട്ടത്. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷമാകും ശിക്ഷാവിധി. Also Read: 'ഗ്രീഷ്മ ചതിച്ചു;ഞാന്‍ മരിച്ചുപോകും'; അന്ന് ഷാരോണ്‍ കരഞ്ഞു
കൊലപാതകം, വിഷം കൊടുത്തു, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളെല്ലാം ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയിൽ ചികില്‍സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്.
ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. പ്രണയം തീവ്രമായതോടെ ഇരുവരും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. പക്ഷേ നാഗര്‍കോവില്‍ സ്വദേശിയായ പട്ടാളക്കാരന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമങ്ങള്‍ തുടങ്ങി. മതങ്ങള്‍ വ്യത്യസ്തമാണെന്നും പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ആദ്യത്തെ വാദം. ഇത് ഫലിക്കാതെ വന്നതോടെ ജാതകം പ്രശ്നമാണെന്നും തന്നെ വിവാഹം കഴിച്ചാല്‍ ഷാരോണ്‍ മരിച്ചുപോകുമെന്നും കള്ളക്കഥ ഇറക്കി. ഇതും പൊളിഞ്ഞതോടെ വകവരുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.