ഒടുവില്‍ ഒരു കാര്യത്തില്‍ നരേന്ദ്ര മോദി ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പമെത്തി. തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകള്‍ ജയിച്ച് ഭരണത്തുടര്‍ച്ച നേടുക എന്ന കാര്യത്തില്‍. രണ്ടുപേരുടെയും മൂന്നാംവട്ടം ഒന്ന് താരതമ്യം ചെയ്യാം.
ആദ്യം പ്രായം
1962 ലെ മൂന്നാം പൊതു തിരഞ്ഞെടുപ്പിലായിരുന്നു നെഹ്റുവിന്‍റെ ഹാട്രിക്. അന്ന് നെഹ്റുവിന് പ്രായം 72 വയസ്സ്. 2024ലെ 18ാം പൊതുതിരഞ്ഞെടുപ്പ് ജയിക്കുമ്പോള്‍ നരേന്ദ്രമോദിക്ക് വയസ്സ് 73. ഹാട്രിക് തേടിയിറങ്ങിയ തിരഞ്ഞെടുപ്പുകളില്‍ ഈ രണ്ടുപേരുടെയും പ്രായം ചര്‍ച്ചാവിഷയമായിരുന്നു എന്നൊരു കൗതുകം കാണാം. 75 വയസ്സിലെ റിട്ടര്‍മെന്‍റ് എന്ന മോദി തന്നെ കൊണ്ടു വന്നബിജെപിയുടെ അലിഖിത നിയമം ഉയര്‍ത്തി അരവിന്ദ് കേജരിവാള്‍ ആയിരുന്നല്ലോ ഇത്തവണ ചര്‍ച്ച തുടങ്ങി വച്ചത്. എന്നാല്‍ പ്രായം കാരണമുള്ള നെഹ്റുവിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അന്നത്തെ ചര്‍ച്ച. ഫുല്‍പൂരില്‍ നെഹ്റുവിന്‍റെ എതിരാളി രാംമനോഹര്‍ ലോഹ്യ തന്നെ ഈ പ്രശ്നം ഉയര്‍ത്തി. മോദിയുടെ ആരോഗ്യത്തെക്കുറിച്ച് ആര്‍ക്കും പക്ഷേ സംശയമൊന്നുമില്ല. അന്നത്തെ 70കള്‍ അല്ലല്ലോ ഇന്നത്തെ 70കള്‍ . 1960 കളില്‍ 40 വയസ്സാണ് ഒരു ശരാശരി ഇന്ത്യക്കാരന്‍റെ ആയുര്‍ ദൈര്‍ഘ്യം. ഇന്നത് 70നടുത്തും
ഇനി പ്രചാരണം
മോദിയെപ്പോലെ ഹാട്രിക് ഉറപ്പിച്ചാണ് നെഹ്റുവും തിരഞ്ഞെടുപ്പിനിറങ്ങിയത്. കാര്യമായ പ്രതിപക്ഷ സ്വരം ഇല്ലാത്തതുകൊണ്ടായിരുന്നു ഈ ആത്മവിശ്വാസം. ദേശീയപ്രസ്ഥാനത്തിന്‍റെ പ്രഭയിലല്ല 10 കൊല്ലം ഭരിച്ച പാര്‍ട്ടിയായാണ് കോണ്‍ഗ്രസ് വോട്ടര്‍മാരെ നേരിട്ടത്. ദുര്‍ബലമായ പ്രതിപക്ഷം മോദിയുടെയും ആത്മവിശ്വാസമായിരുന്നു. പാര്‍ട്ടി ഒറ്റക്ക് 370, മുന്നണി 400 പ്ലസ് എന്നതു പോലെയുള്ള മുദ്രാവാക്യങ്ങളൊന്നും നെഹ്റു ഉയര്‍ത്തിയിരുന്നില്ല. ഭരണനേട്ടങ്ങളിലൂന്നിയായിരുന്നു നെഹ്റുവിന്‍റെ പ്രചാരണം. 1962 ഫെബ്രുവരി 25 ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന പ്രസംഗത്തില്‍ വര്‍ഗീയതയുടെ അപകടങ്ങളെപ്പറ്റിയും വിവിധ മത, സാംസ്കാരിക വിഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും എടുത്തു പറഞ്ഞു. ഇതോടൊപ്പം രാജ്യരക്ഷ, രാജ്യത്തിന്‍റെ ഭാവി , വികസനം തുടങ്ങിയ വിഷയങ്ങള്‍ പറയുന്നതായിരുന്നു നെഹ്റുവിന്‍റെ മൂന്നാം ഭരണം തേടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പ്രസംഗങ്ങള്‍.
2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്ന സ്വപ്നം പങ്കുവച്ചുകൊണ്ടും കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞുമായിരുന്നു നരേന്ദ്രമോദിയും മൂന്നാം തിരഞ്ഞെടുപ്പിന്‍റെ ഗോദയില്‍ ഇറങ്ങിയത്. എന്നാല്‍ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതും സംവരണം, സമ്പത്ത് പുനര്‍ വിതരണം തുടങ്ങിയ വിഷയങ്ങളുമായി വിദ്വേഷ പ്രസംഗങ്ങളിലേക്ക് കടന്നു. മുസ്ലിങ്ങളെ പെറ്റുകൂട്ടുന്നവരായും നുഴഞ്ഞുകയറ്റക്കാരായും വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് ഹിന്ദു സ്ത്രീകളുടെ കെട്ടുതാലി പിടിച്ചെടുക്കും, രണ്ട് എരുമയുള്ളവരുടെ ഒരെരുമയെ പിടിച്ചുകൊണ്ടു പോകും സമ്പത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കും തുടങ്ങിയ വിവാദ പ്രസ്താവനകള്‍ വന്നു.
ഇനി തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക്
മൂന്നാം പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലോക്സഭയുടെ അംഗബലം ഇന്നത്തേതല്ല. 494 ആണ്. നെഹ്റുവിന്‍റെ കോണ്‍ഗ്രസ് അന്ന് 361 സീറ്റു നേടിയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം. മോദിയുടെ ബിജെപിക്ക് പക്ഷേ മൂന്നാം തവണ ഒറ്റക്ക് ഭൂരിപക്ഷത്തിലെത്താനായില്ല. മുന്നണിയിലെ മറ്റു കക്ഷികളുടെ സഹായം തേടേണ്ടി വന്നു. ഇരുവരുടെയും മൂന്ന് തിരഞ്ഞെടുപ്പുകള്‍ താരതമ്യം ചെയ്യാം. ആകെ സീറ്റെണ്ണത്തില്‍ അന്നും ഇന്നും വ്യത്യാസമുള്ളതിനാല്‍ നേടിയ സീറ്റിന്‍റെ ശതമാനക്കണക്ക് കൂടെ നോക്കാം
നെഹ്റു 1952 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 489 ല്‍ 364 നേടി. 74 ശതമാനം സീറ്റുകള്‍. രണ്ടാം തിരഞ്ഞെടുപ്പില്‍ ആകെയുള്ള 494 ല്‍ 371 ആക്കി സീറ്റുയര്‍ത്തി. 75 ശതമാനം സീറ്റ് . മൂന്നാം വട്ടം 10 സീറ്റു കുറഞ്ഞ് 361 ല്‍. 73 ശതമാനം സീറ്റ്. ശതമാനക്കണക്കില്‍ നേരിയ കുറവ്.
മോദിയുടെ എന്‍ഡിഎ മുന്നണി 2014 ല്‍ 336 നേടി ഭരണത്തിലെത്തി. 62 ശതമാനം സീറ്റ്. രണ്ടാം വട്ടം 353 ആക്കി സീറ്റുയര്‍ത്തി. 65 ശതമാനം സീറ്റ്. മൂന്നാം വട്ടം 293 സീറ്റായി കുറഞ്ഞു. 54 ശതമാനം.
ഇനി സ്വന്തം മണ്ഡലത്തില്‍ ഈ രണ്ടു നേതാക്കളുടെയും മൂന്നാമൂഴത്തിലെ പ്രകടനം നോക്കാം. മൂന്നാം വിജയത്തില്‍ സ്വന്തം മണ്ഡലമായ ഫൂല്‍പ്പൂരില്‍ ജവഹര്‍ ലാല്‍ നെഹ്റു ആകെ പോള്‍ ചെയ്തതിന്‍റെ 61. 6 ശതമാനം വോട്ടുനേടി. വരാണസിയില്‍ നരേന്ദ്ര മോദിയുടെ വോട്ടുവിഹിതം 54.2 ശതമാനമായിരുന്നു. ഭൂരിപക്ഷം ശതമാനത്തിലാക്കിയാല്‍ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഈ രണ്ടു നേതാക്കളുടെയും ഭൂരിപക്ഷത്തിന്‍റെ നില ഇങ്ങനെ-
നെഹ്റു ആദ്യ തിരഞ്ഞെടുപ്പില്‍ 19.5. രണ്ടാം തിരഞ്ഞെടുപ്പില്‍ അത് 21.9 ആയി വര്‍ധിക്കുന്നു. മൂന്നാം വട്ടം 33.5 ആയി വീണ്ടും കൂടുന്നു. നരേന്ദ്രമോദി ആദ്യ തിരഞ്ഞെടുപ്പില്‍ വരാണസിയില്‍ 36.2 വോട്ട് ഭൂരിപക്ഷമായി നേടി. രണ്ടാം വട്ടം ഭൂരിപക്ഷം 45.2 ആയി കുത്തനെ ഉയര്‍ന്നു. മൂന്നാം തവണ 13.5 ശതമാനമായി ഭൂരിപക്ഷം കൂപ്പുകുത്തി.
കൂട്ടുകക്ഷികളെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണല്ലോ മോദിയുടെ ആദ്യ രണ്ട് ഭരണകാലങ്ങളില്‍ നിന്ന് ഇപ്പോഴുള്ള വ്യത്യാസം. നരേന്ദ്രമോദി 2014 നു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു 13 വര്‍ഷക്കാലം. അന്നും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സഭകളായിരുന്നു. സഖ്യകക്ഷി ഭരണം മോദിക്ക് ഇതിനു മുമ്പ് പരിചയമില്ലെന്ന് സാരം. ജവഹര്‍ലാല്‍ നെഹ്റു ജയിച്ച മൂന്ന് തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. വേറൊരു കക്ഷിയേയും ആശ്രയിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ നെഹ്റുവിന് സഖ്യകക്ഷി സര്‍ക്കാരുകളെ നയിച്ച് നല്ല പരിചയമുണ്ട്.
1946 ലെ അതായത് സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പുള്ള ഇടക്കാല സര്‍ക്കാരില്‍ കോണ്‍ഗ്രസ് മാത്രമായിരുന്നില്ല. അതൊരു കൂട്ടുകക്ഷി സര്‍ക്കാരായിരുന്നു. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ആദ്യ മന്ത്രിസഭയും സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നതായിരുന്നു. 1946 ലെ നെഹ്റുവിന്‍റെ ഇടക്കാല മന്ത്രിസഭയില്‍ മുസ്ലിം ലീഗിന്‍റെയും അകാലിദളിന്‍റെയും പ്രതിനിധികള്‍ പങ്കാളികളായി. ധനകാര്യം പ്രതിരോധം തുടങ്ങിയ പ്രധാന വകുപ്പുകളും അവര്‍ കൈകാര്യം ചെയ്തു. 1947ലെ വിഖ്യാതമായ നെഹ്റുവിന്‍റെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയില്‍ നിയമമന്ത്രി ഡോ.ബിആര്‍ അബ്ദക്കറായിരുന്നു. അബ്ദക്കര്‍ കോണ്‍ഗ്രസുകാരനല്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന്‍റെ കടുത്ത വിമര്‍ശകനുമായിരുന്നു. ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയും ജസ്റ്റിസ് പാര്‍ട്ടി ബന്ധമുള്ള ആര്‍ കെ ഷണ്‍മുഖം ചെട്ടിയുമൊക്കെയടങ്ങുന്നതായിരുന്നു ആ ക്യാബിനറ്റ്.
സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയെന്ന ഖ്യാതിയില്‍ നിന്ന നെഹ്റുവിന്‍റെ കോണ്‍ഗ്രസ് തുടര്‍ ജയങ്ങള്‍ നേടുമ്പോള്‍ പ്രതിപക്ഷം പേരിനു പോലും വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. ആകെ മാറിയ , കടുത്ത മല്‍സരമുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബിജെപി നേടുന്ന തുടര്‍ ജയങ്ങള്‍ക്ക് അതുകൊണ്ടു തന്നെ പ്രത്യേകതയുണ്ട്. നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം ആവര്‍ത്തിച്ച ഈ വിജയത്തിന്‍റെ ചരിത്ര പ്രാധാന്യത്തോടൊപ്പം ചില ചരിത്ര കൗതുകങ്ങളും ഓര്‍മിച്ചു എന്നു മാത്രം