സ്വന്തമായി ഒരു ആഡംബര കൊട്ടാരം നിര്‍മിക്കാമായിരുന്നിട്ടും ഒരു വീട് പോലും നിര്‍മിക്കാത്തയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പരോക്ഷ വിമർശനമെന്നോണമാണ് മോദി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ പാവങ്ങൾക്കായി നാല് കോടി വീടുകളാണ് നിര്‍മിച്ചതെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 ഫെബ്രുവരിയിൽ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടിക്കെതിരെയും അരവിന്ദ് കേജ്രിവാളിനെതിരെയും രൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തിയത്. ഡല്‍ഹി അശോക് വിഹാറില്‍ ചേരി നിവാസികൾക്കായി നിർമ്മിച്ച ഫ്ലാറ്റുകൾ അദ്ദേഹം സന്ദർശിച്ചു. 1675 ഫ്ലാറ്റുകളാണ് ഇവിടെ നിര്‍മിച്ചത്. പിന്നാലെ നടന്ന പരിപാടിയിലായിരുന്നു മോദി കേജ്രിവാളിനെതിരെ ആഞ്ഞടിച്ചത്.
തനിക്ക് വേണമെങ്കില്‍ ഒരു ആഡംബര കൊട്ടാരം നിര്‍മിക്കാമായിരുന്നെന്നും എന്നാല്‍ മോദി സ്വന്തമായൊരു വീടുപോലും നിര്‍മിച്ചിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ 4 കോടിയില്‍ പരം വീടുകള്‍ രാജ്യത്തെ പാവങ്ങള്‍ക്കായി നിര്‍മിച്ചുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 'ഏതെങ്കിലും വീടില്ലാത്തെ പാവങ്ങളെ നിങ്ങള്‍ കാണുകയാണെങ്കില്‍ അവരോട് നിങ്ങള്‍ പറയണം നിങ്ങള്‍ക്കും ഉടനെ വീടുണ്ടാകുമെന്ന്'. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് മോദി വ്യക്തമാക്കി.