ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകർ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങും. മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ, ഓസ്കർ ഇവന്റ് മാനേജ്മെൻ്റ് കമ്പനി ഉടമ ജെനീഷ് എന്നിവരാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് കീഴടങ്ങുക. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.
ഇരുവർക്കും എതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് ആദ്യം സർക്കാർ കോടതിയെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. തുടർന്നാണ് കീഴടങ്ങാൻ നിർദ്ദേശിച്ചുകൊണ്ട് ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയത്. കേസിൽ മൊഴിയെടുക്കാൻ ദിവ്യ ഉണ്ണിയെയും, നടൻ സിജോയ് വർഗീസിനെയും പൊലീസ് ഉടൻ വിളിച്ചുവരുത്തും.
കൊച്ചിയിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമ തോമസ് ആരോഗ്യം വീണ്ടെടുക്കുന്നു. മെഡിക്കൽ ബോർഡ് ചേർന്ന ശേഷം ആരോഗ്യനില സംബന്ധിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്നുണ്ടാകും. ഉമാ തോമസ് ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മുതൽ ആളെ തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.