പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ആരവങ്ങളോടെ തുടക്കം. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സത്യപ്രതിജ്ഞാച്ചടങ്ങുതന്നെ കളറായി. എല്ലാറ്റിനും സാക്ഷിയായി ചെങ്കോല്‍ നിവര്‍ന്നു നിന്നു.
ജയ് ശ്രീറാം, ജയ് ഹനുമാന്‍, ജയ് ഭദ്രകാളി, ജയ് തൃപുര സുന്ദരി, കൃഷ്ണാ ഗുരുവായൂരപ്പാ എന്നിങ്ങനെ, രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരുടെ ദൈവവിളികൾ സത്യപ്രതിജ്ഞയുടെ ഭാഗമായി. രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ജയ് ശ്രീറാം, വിളിച്ചപ്പോള്‍ ഡ്രീം ഗേള്‍ , മഥുരയുടെ പ്രതിനിധി ഹേമമാലിനി സത്യവാചകത്തിന് മുമ്പ് രാധേ! രാധേ! എന്ന് പറഞ്ഞു. AIMIM നേതാവ് അസദുദീന്‍ ഒവൈസിയാകട്ടെ താന്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലാണ് നില്‍ക്കുന്നതെന്ന് മറന്ന് പലസ്തീന് ജയ് വിളിച്ചു.
''നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്‍റെ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തിക്കൊള്ളാം'' എന്നു പറഞ്ഞ അതേ നാവുകൊണ്ട് ''ജയ് ഹിന്ദുരാഷ്ട്ര’’ വിളിച്ച ബിജെപി ബറേലി അംഗം ഛത്രപാല്‍ സിങ് ഗാങ്വാര്‍ അഭിമാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കി.
''എന്തൊക്കെ മര്യാദകേടാണ് നടക്കുന്ന''തെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ കുണ്ഠിതപ്പെട്ടപ്പോള്‍ സത്യവാചകമല്ലാതെ മറ്റൊന്നും സഭാ രേഖകളില്‍ ഉണ്ടാവില്ലെന്ന് പ്രോടെം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് (ഇദ്ദേഹത്തിന്‍റെ പേര് പറയാന്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള എം.പിമാര്‍ വിഷമിച്ചു) ഉറപ്പുനല്‍കി. ‘ജയ് ഭദ്രകാളി’ എന്നു വിളിച്ചത് മീഡിയ ഗാലറിയെ നോക്കിയാണെന്ന് ദൂഷണം പറഞ്ഞ അംഗത്തെ തൊട്ടടുത്ത ഗാലറിയില്‍ സോണിയ ഗാന്ധി ഇരിപ്പുണ്ടായിരുന്നു എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകർ വിരട്ടി.
കൊടിക്കുന്നില്‍ സുരേഷ് ആയിരുന്നു മൂന്നാം ദിനം താരം. ''കെ. സുരേഷ് ''എന്ന് ഇംഗ്ലീഷ്–ഹിന്ദി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന മലയാളിയുടെ 'കൊടിക്കുന്നില്‍', സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു കൈനോക്കാന്‍ കളത്തിലിറങ്ങി. ''കോന്‍ ഹെ കെ.സുരേഷ്'' എന്ന പേരില്‍ ഹിന്ദി ചാനലുകളില്‍ സ്പെഷല്‍ റിപ്പോര്‍ട്ടുകള്‍ പോലും വന്നു. പക്ഷേ ഓം ബിര്‍ലയെ സ്പീക്കറാക്കണമെന്ന നരേന്ദ്ര മോദിയുടെ പ്രമേയം ശബ്ദവോട്ടിൽ പാസായതോടെ കെ.സുരേഷ് വീണ്ടും കെ.സുരേഷായി.
സ്പീക്കര്‍ ഓം ബിര്‍ലയെ ചെയറിലേക്ക് ആനയിക്കാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചെത്തിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് വിളിച്ചോതുന്നതായി. പാർലമെന്റിന്റെ കീഴ്‌വഴക്കങ്ങൾ പാലിച്ചുതന്നെ പ്രവർത്തനമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതിലൂടെ വ്യക്തമാക്കുകയും ചെയ്തു.
പതിവ് വെള്ള ടീ ഷര്‍ട്ടിനു പകരം, വിശേഷാല്‍ ദിനങ്ങളില്‍ ധരിക്കുന്ന വെള്ള കുര്‍ത്തയിൽ വന്ന രാഹുല്‍ ഗാന്ധി, പുതിയ സ്പീക്കര്‍ക്ക് മാത്രമല്ല പ്രധാനമന്ത്രിക്കും ഷേയ്ക്ക് ഹാന്‍ഡ് നല്‍കി. ശേഷം കൈകള്‍ പിറകില്‍ക്കെട്ടി ഇരുവരെയും അനുഗമിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയില്‍ ഒരാള്‍ കൂടി വന്നല്ലോ എന്ന് ഗാലറിയില്‍ ചിലര്‍ അടക്കം പറഞ്ഞു ചിരിച്ചു.
രണ്ടാമതും സ്പീക്കറായ ഓം ബിര്‍ലയെ അഭിനന്ദിക്കാനെന്ന പേരില്‍ സംസാരിച്ച പ്രതിപക്ഷ അംഗങ്ങളില്‍ പലരും വാക്കുകള്‍കൊണ്ട് അദ്ദേഹത്തെ കുത്തിനോവിച്ചു. 17ാം ലോക്സഭയിലെ കൂട്ടസസ്പെന്‍ഷനടക്കം പലരും ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തെ മാത്രമല്ല ഭരണപക്ഷത്തെയും കൂട്ടത്തോടെ പുറത്താക്കണം എന്നായിരുന്നു അഖിലേഷ് യാദവിന്‍റെ അഭ്യര്‍ഥന. ഇതെല്ലാം കേട്ട് പുഞ്ചിരിവിടാതെ ചെയറിലിരുന്ന ബിര്‍ല ചെറുപാര്‍ട്ടികളുടെ നന്ദി വേണ്ടെന്നു പറഞ്ഞത് കല്ലുകടിയായി. നന്ദി കേട്ടിട്ട് പോയാല്‍ മതി എന്ന് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദും പപ്പു യാദവും ഫ്രാന്‍സിസ് ജോര്‍ജുമെല്ലാം ചാടിയെണീറ്റു. പ്ലസ് സൈസ് ടീഷര്‍ട്ടില്‍ Re NEET എന്ന് എഴുതി വന്ന പപ്പു യാദവ്, ''എനിക്കാരെയും പേടിയില്ല'' എന്നു പ്രസ്താവിച്ചു. സ്പീക്കർക്ക് കുഞ്ഞൻ പാർട്ടികളുടെയുൾപ്പെടെ അനുമോദനം കേൾക്കാൻ അവസരമായി.
അനുമോദനങ്ങൾക്കു നന്ദി പറഞ്ഞതിനു പിന്നാലെയാണ് ബിര്‍ലജിയുടെ മാസ്റ്റര്‍ സ്ട്രോക് വന്നത്. മുന്നറിയിപ്പില്ലാതെ സ്പീക്കര്‍ എന്തോ വായിക്കാന്‍ തുടങ്ങി. അന്തം വിട്ട പ്രതിപക്ഷ നിരയില്‍ ആദ്യം കാര്യം പിടികിട്ടിയത് കെ.സി വേണുഗോപാലിനാണ്. 'അടിയന്തരാവസ്ഥ' എന്ന് കേട്ടതും ''ഇതൊന്നും ഇവിടെ പറയരുത്'' എന്നാക്രോശിച്ച് അദ്ദേഹം ചാടിയെഴുന്നേറ്റു. പിന്നോട്ട് നോക്കി ''എടാ മോനേ''എന്ന് വിളിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ ഹൈബി ഈഡന്‍ പിറകില്‍ നിന്ന് ഓടി വന്നതേ ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചാണ്. ഹിന്ദിയിൽ ചെയ്ത സത്യപ്രതിജ്ഞയുടെ തുടർച്ചയെന്നോണമുള്ള വിളി. പിന്നാലെ കോൺഗ്രസിലെ മറ്റു ചില അംഗങ്ങളും ചെയറിന് നേരെ കുതിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിലായിട്ടും സീറ്റില്‍ ഉറച്ചിരുന്നു, അടിയന്തരാവസ്ഥ വിരോധിയായ എന്‍.കെ പ്രേമചന്ദ്രന്‍. പെട്ടന്നൊരാള്‍ ഇരിന്നിടത്തു നിന്ന് എഴുന്നേറ്റ് ബഞ്ചുകള്‍ക്കിയിലൂടെ ഓടി. സംഗതി അടിയന്തരാവസ്ഥയാണെന്ന് മനസിലാക്കാതെ എഴുന്നേറ്റ് നില്‍ക്കുന്ന കോമ്രേഡ് അംററാമിനെ പിടിച്ചിരുത്താന്‍ ഓടിയത് കെ.രാധാകൃഷ്ണനാണ്! ഇന്ത്യാ സഖ്യത്തിൽനിന്ന് കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായത് മുസ്ലീം ലീഗ് മാത്രം. അടിയന്തരാവസ്ഥ വിരുദ്ധ പ്രമേയം വായിച്ചു തീര്‍ത്ത സ്പീക്കര്‍, മൗനമാചരിക്കാന്‍ പറഞ്ഞതും മുദ്രാവാക്യക്കാർ നിശബ്ദരായി. എല്ലാവരും മൗനം പങ്കിട്ടു.
അടുത്തത് രാഷ്ട്രപതിയുടെ വരവായിരുന്നു. ലോക്സഭ–രാജ്യസഭ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന ദിവസം. അംഗങ്ങള്‍ നേരത്തെ ഇരിപ്പിടങ്ങളിലെത്തി. പത്തേമുക്കാലോടെ പെരുമ്പറ മുഴങ്ങുന്ന ശബ്ദം കേട്ട് ഭരണ–പ്രതിപക്ഷ ബെഞ്ചുകളില്‍ ഭൂരിപക്ഷം അംഗങ്ങളും രാഷ്ട്രപതി നേരത്തെയെത്തി എന്നു കരുതി ചാടിയെണീറ്റു. പക്ഷേ രാഹുല്‍ ഗാന്ധിയും എന്‍.കെ പ്രേമചന്ദ്രനുമടക്കം ഏതാനും പേര്‍ കല്ലിന് കാറ്റു പിടിച്ചതുപോലെ ഉറച്ചിരുന്നു. കാര്യമറിയാതെ തന്നെ നോക്കിയ സോണിയ ഗാന്ധിയോട് ''അവിടെ ഇരിക്ക് '' എന്ന് രാഹുല്‍ ഗാന്ധി ആംഗ്യം കാട്ടി.
അപ്പോഴാണ് രാഷ്ട്രപതിയെ സ്വീകരിക്കാനുള്ള ''ചെങ്കോലിന്‍റെ ''പുറപ്പാടാണ് സംഗതിയെന്ന് പ്രതിപക്ഷത്തുൾപ്പെടെ പലർക്കും പിടികിട്ടിയത്. ബ്രിട്ടീഷുകാരില്‍ നിന്ന് കൈമാറിക്കിട്ടിയ അധികാരത്തിന്റെ ചിഹ്നമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോൽ പിടിക്കുന്നയാളുടെ പിന്നാലെ സ്പീക്കറും ഇരുസഭകളുടെയും സെക്രട്ടറി ജനറല്‍മാരും പോകുന്നതിന്റെ ഭാഗമായിരുന്നു പെരുമ്പറ മുഴക്കൽ. ഭരണപക്ഷം എഴുന്നേറ്റുനിന്ന് ആദരവ് കാട്ടിയപ്പോള്‍ പ്രതിപക്ഷം ചെങ്കോലിനോടുള്ള അതൃപ്തി പ്രകടമാക്കി ഉറച്ചിരുന്നു.
ഉച്ചയ്ക്കുതന്നെ മടങ്ങാൻ തയ്യാറായാണ് വെള്ളിയാഴ്ച രാവിലെ ഏതാണ്ട് എല്ലാ അംഗങ്ങളും വന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ച മാറ്റിവയ്ക്കുക, നീറ്റ് ക്രമക്കേട് ചര്‍ച്ചയ്ക്കെടുക്കുക – ഇതായിരുന്നു പ്രതിപക്ഷ ആവശ്യം. സർക്കാർ അത് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. സംഗതി വഴക്കായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എഴുന്നേറ്റുനിന്ന് എന്തോ പറഞ്ഞെങ്കിലും മൈക്ക് ഓഫായിരുന്നതിനാല്‍ കേള്‍ക്കാനായില്ല. മൈക്ക് ഓണ്‍ ചെയ്യൂ എന്ന് കനിമൊഴിയടക്കം പ്രതിപക്ഷം സ്പീക്കറെ നോക്കി ആക്രോശിച്ചു. മൈക്ക് പത്തു സെക്കന്‍ഡ് ഓണായി. വിദ്യാര്‍ഥികളുടെ ഭാവിയെന്നും മറ്റും രാഹുല്‍ പറഞ്ഞപ്പോൾ മൈക്ക് വീണ്ടും ഓഫായി. മൈക്ക് ഓണാവുന്നു, ഓഫാവുന്നു. ചുരുക്കത്തില്‍ രാഹുല്‍ എന്താണ് പറഞ്ഞതെന്ന് ആര്‍ക്കും വ്യക്തമായില്ല. ഇതോടെ ഇന്ത്യാ സഖ്യം നടുത്തളത്തിലിറങ്ങി. മുദ്രാവാക്യങ്ങൾ ആഞ്ഞു മുഴങ്ങിയതോടെ തിങ്കളാഴ്ച കാണാമെന്ന് പറഞ്ഞ് സ്പീക്കര്‍ സഭാ നടപടികൾ അവസാനിപ്പിച്ചു.
വാതിലിനപ്പുറം: രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ഓടി നടക്കാന്‍ പ്രയാസമുണ്ട്. പക്ഷേ നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാവാതിരുന്ന സര്‍ക്കാരിനെതിരെ ചെറുപ്പക്കാര്‍ക്കൊപ്പം നടുത്തളത്തില്‍ ചാടിയിറങ്ങിയ ഖര്‍ഗെ ഹീറോയായി. ''മോശമാണേ, ശ്രദ്ധിക്കണേ ഖര്‍ഗേജി'' എന്ന് രാജ്യസഭാധ്യക്ഷന്‍ ജഗ്ധീപ് ധന്‍കര്‍ പറഞ്ഞെങ്കിലും ''ഞാനങ്ങ് സഹിച്ചു'' എന്നതായിരുന്നു ഖര്‍ഗെയുടെ ഭാവം. ബഹളത്തിനിടെ കോണ്‍ഗ്രസ് അംഗം ഫൂലോം ദേവി നേതാം കുഴഞ്ഞുവീണു. രക്തസമ്മര്‍ദ നില താളം തെറ്റിയ നേതാമിനെയുംകൊണ്ട് സഹപ്രവര്‍ത്തകര്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് പറന്നു.