നോട്ടുനിരോധനം മുതല്‍ നീറ്റ് വരെ സര്‍ക്കാരിന്‍റെ വന്‍വീഴ്ചകള്‍ എണ്ണിപ്പറഞ്ഞായിരുന്നു ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂര്‍ പ്രസംഗം. അഗ്നിവീര്‍, മണിപ്പുര്‍, കര്‍ഷകരോഷം തുടങ്ങിയ വിഷയങ്ങള്‍ ഓരോന്നായി രാഹുല്‍ പുറത്തെടുത്തു. മോദിയെ ഉന്നമിട്ടുള്ള പരിഹാസം ഇടകലര്‍ത്തിയുള്ള പ്രസംഗം മിക്കയിടത്തും ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. രാജ്യസഭയില്‍ ഖര്‍ഗെയും പ്രധാനമന്ത്രിയെ വെറുതെവിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നീറ്റ് പരീക്ഷ കച്ചവടമായെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. പണമുള്ളവര്‍ക്കുമാത്രം പ്രവേശനം എന്നതാണ് മോദി സര്‍ക്കാരിന്‍റെ നയം. നീറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും രാഹുല്‍. ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്നതാണ് അഗ്നിവീര്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജോലിക്കിടെ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ലെന്നും രാഹുല്‍. എന്നാല്‍ ആരോപണം തെറ്റാണെന്നും ജീവന്‍ നഷ്ടപ്പെടുന്ന അഗ്നിവീറുകള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതോടെ രാഹുല്‍ സഭയില്‍ കള്ളം പറയുകയാണെന്നാരോപിച്ച് ഭരണപക്ഷം ബഹളംവച്ചു
മണിപ്പൂരിനെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ട സര്‍ക്കാര്‍ അവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. മോദിയും അമിത് ഷായും മണിപ്പുരിനെ ഇന്ത്യയുടെ ഭാഗമായി പോലും കാണുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സമരം ചെയ്ത കര്‍ഷകരെ ഭീകരവാദികളാക്കുകയാണ്. എല്ലാവരെയും ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതോടെ കൃഷിമന്ത്രി ശിവര്ജാസിങ് ചൗഹാന്‍ എഴുനേറ്റു.
രാവിലെ രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും മോദിക്കെതിരെ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് കലാത്ത് മോദി തുടര്‍ച്ചയായി കള്ളംപറഞ്ഞു, ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിച്ചു. മോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ്. കയ്യടക്കിവച്ചിരിക്കുകയാണെന്ന ഖര്‍ഗെയുടെ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കംചെയ്യുമെന്ന് സഭ നിയന്ത്രിച്ചിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. പലതവണ ഖര്‍ഗെയും ധന്‍കറും തമ്മില്‍ വാക്പോരുമുണ്ടായി.