ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജ് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇന്നലെ ഡല്‍ഹിയിലെത്തിയ നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ സ്വപ്ന പദ്ധതിയായ അമരാവതി തലസ്ഥാന രൂപീകരണം ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നായിഡു മോദിക്കു മുന്നില്‍ അവതരിപ്പിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, കൃഷി മന്ത്രിശിവരാജ് സിങ് ചൗഹാന്‍, മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരെയും സന്ദര്‍ശിച്ചു. ആന്ധ്രയുടെ വികസനം എന്‍.ഡി.എയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ അമരാവതിയെ അവഗണിച്ചത് സംസ്ഥാനത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് കഴിഞ്ഞ ദിവസം നായിഡു പറഞ്ഞിരുന്നു. ബജറ്റില്‍ സംസ്ഥാനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കമാണ് സന്ദര്‍ശനത്തിന് പിന്നില്‍. പ്രത്യേക സംസ്ഥാന പദവി ലഭിച്ചില്ലെങ്കിലും സാമ്പത്തിക പാക്കേജെങ്കിലും വേണമെന്നാണ് നിലപാട്.
ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരെയും നായിഡു കാണും. എന്‍.ഡി.എയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷി എന്ന നിലയില്‍ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് ടി.ഡി.പിയുടെ പ്രതീക്ഷ. ആന്ധ്രയുടെ വികസനം എന്‍.ഡി.എയിലെ എല്ലാ കക്ഷികളുടെയും ഉത്തരവാദിത്തമാണെന്ന നായിഡുവിന്‍റെ പ്രസ്താവന ബി.ജെ.പിക്കുള്ള മുന്നറിയിപ്പുകൂടിയാണ്.