മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി. ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണെന്നും രാഹുല്‍ സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പേരില്‍ സ്മൃതി ഇറാനിക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തുന്നതില്‍ നിന്നും അവഹേളിക്കുന്നതില്‍ നിന്നും അങ്ങനെ ചെയ്യുന്നവര്‍ പിന്തിരിയണമെന്നും രാഹുല്‍ അഭ്യര്‍ഥിച്ചു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ദുര്‍ബലരുടെ ലക്ഷണമാണ്, കരുത്തരുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മോദി മന്ത്രിസഭയില്‍ വനിത–ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി ഈ ആഴ്ച ആദ്യം തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ കിശോരി ലാല്‍ ശര്‍മയോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സ്മൃതിക്കെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. പലതും വ്യക്തിഹത്യയിലേക്കും മറ്റും മാറിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്‍റെ അഭ്യര്‍ഥന. രാഹുല്‍ ഗാന്ധിയെന്ന നേതാവിന്റെ വ്യക്തിത്വം വെളിവാക്കുന്നതാണ് ട്വീറ്റെന്നും അദ്ദേഹത്തില്‍ നിന്ന് എല്ലാവര്‍ക്കും കണ്ട് പഠിക്കാനുണ്ടെന്നും ട്വീറ്റിന് ചുവടെ പലരും കുറിച്ചു. മൂല്യങ്ങള്‍ എന്താണെന്നും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നും ഈ ട്വീറ്റ് കാണിച്ച് തരുന്നുവെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 2019 ലും പിന്നീടിങ്ങോട്ടും സ്മൃതി ഇറാനി രൂക്ഷമായ ഭാഷയില്‍ രാഹുലിനെ പരിഹസിച്ചിട്ടുണ്ടെന്നും എന്നിട്ടും ഇങ്ങനെ പറയാന്‍ കഴിയുന്നത് മേന്‍മയാണെന്നും പ്രതികരണങ്ങളുണ്ട്.