വയനാടിനൊപ്പം ലോക്സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് എംപിയായിരുന്ന വസന്ത് റാവു ചവാന്‍റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ മകന്‍ രവീന്ദ്ര വസന്ത റാവു ചവാന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു. 1,457 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ഡോ സന്തുക്രാവു ഹംബാർഡെയെയാണ് തോല്‍പ്പിച്ചത്. 50,000ത്തിന് മുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലത്തിലാണ് നേരിയ വോട്ടിന്‍റെ വിജയം.
Also Read: ഉദ്ധവിന്‍റെ മേധാവിത്വം പൊളിഞ്ഞു; കോണ്‍ഗ്രസിന്‍റെ മുന്‍മുഖ്യമന്ത്രിമാരടക്കം തോറ്റു; മഹാ ബിജെപി തരംഗം
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 5,86,788 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 5,85,331 വോട്ട് ലഭിച്ചു. പോസ്റ്റല്‍ വോട്ടില്‍ ലഭിച്ച മുന്‍തൂക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തുണയായി. അതേസമയം, പ്രകാശ് അംബേദ്ക്കരിന്‍റെ പാര്‍ട്ടിയായ വഞ്ചിത് ബഹുജൻ അഘാഡി സ്ഥാനാര്‍ഥി 80179 വോട്ടുകള്‍ നേടി. ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാനാര്‍ഥി 19,900 വോട്ടും നേടി.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച സീറ്റാണ് നന്ദേഡ്. ബിജെപി സ്ഥാനാര്‍ഥിയായ പ്രതാപ് പാട്ടില്‍ ചിഖാലിക്കർ അന്ന് കോണ്‍ഗ്രസിലായിരുന്ന അശോക് ചവാനെയാണ് തോല്‍പ്പിച്ചത്. 2024 ല്‍ പ്രതാപ് പാട്ടിലിനെ തോല്‍പ്പിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വസന്ത റാവു ചവാന്‍ എംപിയായത്. അന്ന് 59,442 വോട്ടായിരുന്നു ഭൂരിപക്ഷം.
Also Read: മഹാരാഷ്ട്രയില്‍ കനലൊരു തരി; ബിജെപിക്കെതിരെ വിജയം ആവര്‍ത്തിച്ച് സിപിഎം സ്ഥാനാര്‍ഥി
ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റും നിലനിര്‍ത്താനായതോടെ ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗ സംഖ്യ 99 ആയി തുടരുകയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടില്‍ 4,10,931 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്.