നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും പലമട്ടില്‍ നിര്‍ണായകമായ ജനവിധിയിലേക്ക് ഒറ്റരാത്രിയുടെ അകലം. പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ നാളെ. മൂന്നിടവും ജയിച്ച് 2026ലേക്കുള്ള കുതിപ്പ് തുടങ്ങാന്‍ യു.ഡി.എഫ് ലക്ഷ്യമിടുമ്പോള്‍, കോട്ട കാത്ത് ഭരണവിരുദ്ധവികാരം ഇല്ലെന്ന് ഉറക്കെപ്പറയാന്‍ ഇടതുക്യാംപും കച്ച മുറുക്കി. ബി.ജെ.പിയാകട്ടെ പാലക്കാട് വഴി നിയമസഭയിലേക്ക് രണ്ടാം എന്‍ട്രി സ്വപ്നം കാണുന്നു.  ഇടത്-വലത് മുന്നണികൾ തമ്മിൽ തീ പാറുന്ന പോരാട്ടം നടന്ന ചേലക്കരയിൽ കോൺഗ്രസിന്റെ ആസൂത്രണ മികവാണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ മനക്കണ്ണിലെ കരുത്ത്. 

ചെങ്കോട്ടയായി തുടരുമെന്ന് സിപിഎം പറയുമ്പോഴും,എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിന് വോട്ടെണ്ണലിന്റെ തലേന്നാൾ അൽപം ടെൻഷനുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ ആദ്യ അങ്കത്തില്‍ വന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ച യുഡിഎഫിനും, മികച്ച മുന്നേറ്റം മുന്നില്‍ കണ്ട ഇടതു എന്‍.ഡി.എ ക്യാംപുകളിലും ആശങ്കയും പ്രതീക്ഷയുമുണ്ട്. 4 ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നാണ് യുഡിഎഫ് ക്യാംപിലെ ഒടുവിലെ കണക്കു കൂട്ടല്‍. ആനി രാജ നേടിയ 26 ശതമാനം വോട്ട് നിലനിര്‍ത്താനാകുമെന്നാണ് എല്‍‌ഡിഎഫ് കണക്കു കൂട്ടല്‍. 

ENGLISH SUMMARY:

Counting for bypolls tomorrow