ചമോലിയിലെ ബദരിനാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി ലഖപത് സിംഗ് ബുട്ടോലയുടെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദം

ചമോലിയിലെ ബദരിനാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി ലഖപത് സിംഗ് ബുട്ടോലയുടെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദം

ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ വിജയം. 10 സീറ്റ് കോണ്‍ഗ്രസും സഖ്യകക്ഷികളും നേടിയപ്പോള്‍ ബി.ജെ.പി ജയം രണ്ട് സീറ്റില്‍ ഒതുങ്ങി.  കൂറുമാറി ബി.ജെ.പിയില്‍ എത്തിയവരും തോല്‍വി ഏറ്റുവാങ്ങി. 

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ബി.ജെ.പി  കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടു സീറ്റിലും ഉത്തരാഖണ്ഡില്‍ ആകെയുള്ള രണ്ടു സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു. ഹിമാചലിലെ ദെഹ്റ സീറ്റില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന്‍റെ ഭാര്യ കമലേഷ് താക്കൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഹോഷ്യാര്‍സിങ്ങിനെ ഒന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.  നലഗര്‍ സീറ്റും കോണ്‍ഗ്രസ് ജയിച്ചു.  ഹമിര്‍പുര്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.  മൂന്നിടത്തും കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന സ്വതന്ത്രര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

ബംഗാളില്‍ നാലു സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ബംഗാളില്‍ 2021ല്‍ ബി.ജെ.പി ജയിച്ച റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിണ്‍, ബാഗ്ദ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.  ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി എം.എല്‍.എമാര്‍ കൂറുമാറി തൃണമൂലില്‍ ചേര്‍ന്നിരുന്നു. മണിക്തലയും തൃണമൂല്‍ നിലനിര്‍ത്തി. 

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍  ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടി. എ.എ.പി. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സിറ്റിങ് എം.എല്‍.എ ഷീതള്‍ അംഗുരാല്‍ 37,000 വോട്ടിനാണ് പരാജയപ്പെട്ടത്. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഘണ്ഡില്‍ മംഗ്ലൗര്‍സീറ്റിലും ക്ഷേത്ര നഗരിയായ ബദ്രിനാഥിലും കോണ്‍ഗ്രസാണ് ജയിച്ചത്. ബദ്രിനാഥില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ രാജേന്ദ്ര ഭണ്ഡാരി തോല്‍വി ഏറ്റുവാങ്ങി. 

മോദി സർക്കാരിൻറെ മുഖത്തേറ്റ കനത്തപ്രഹരമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അതേസമയം മധ്യപ്രദേശിലെ അമര്‍വരാ സീറ്റില്‍  കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ കമലേഷ് ഷാ ജയിച്ചു. തമിഴ്നാട്ടിലെ വിക്രവന്ദിയില്‍ ഡി.എം.കെയും  ബിഹാറിലെ രുപൗലയില്‍ സ്വതന്ത്രനും ജയിച്ചു. 

ENGLISH SUMMARY:

INDIA bloc swept the bypolls winning 10 of 13 seats