special-session-of-parliament

ലോക്സഭയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യസഭയിലും സീറ്റെണ്ണത്തില്‍ ബി.ജെ.പിക്ക് ക്ഷീണം. നോമിനേറ്റഡ് അംഗങ്ങളായ രാകേഷ് സിന്‍ഹ, റാം ഷകല്‍, സോനാല്‍ മാന്‍സിങ്, മഹേഷ് ജെത്മലാനി എന്നിവരുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് ബി.ജെ.പിയുടെ ശക്തി ചോര്‍ന്നത്. ഭരണകക്ഷിയുടെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു നോമിനേറ്റ് ചെയ്ത അംഗങ്ങളാണിവര്‍. നാല് അംഗങ്ങളുടെ കാലാവധി കഴിഞ്ഞതോടെ നിലവിലെ ബി.ജെ.പി അംഗ സംഖ്യ 86 ആയി കുറഞ്ഞു. എങ്കിലും സഖ്യകക്ഷികളുടെയും സൗഹൃദ പാര്‍ട്ടികളുടെയും സഹായത്തോടെ ഭരണകക്ഷിക്ക് ബില്ലുകള്‍ പാസാക്കാനുള്ള ഭൂരിപക്ഷം നേടാമെന്നാണ് രാജ്യസഭയിലെ കണക്ക് കാണിക്കുന്നത്. 

ബി.ജെ.പിയുടെ 86 അംഗങ്ങളുടെ അടക്കം എന്‍ഡിഎ മുന്നണിക്ക് 101 പേരുടെ പിന്തുണയാണ് രാജ്യസഭയിലുള്ളത്. 245 അംഗ സഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് ആവശ്യം. നോമിനേറ്റ് ചെയ്ത് 7 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയും ബിജെപിക്കുണ്ട്. ഇന്ത്യ സഖ്യത്തിന് 87 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 26 അംഗങ്ങളുടെ കോണ്‍ഗ്രസാണ് വലിയകക്ഷി. തൃണമൂല്‍ കോണ്‍ഗ്രസ്– 13, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ 10 വീതം അംഗങ്ങളുണ്ട്. കോണ്‍ഗ്രസ്, ബിജെപി ഇതര പാര്‍ട്ടികളായ അണ്ണ ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ആര്‍.എസ്, സ്വതന്ത്രര്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍.

19 സീറ്റ് ഒഴിവുള്ളതിനാല്‍ 225 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയിലുള്ളത്. നാല് വീതം നോമിനേറ്റ് അംഗങ്ങളുടെ ഒഴിവുണ്ട്. 2019 ന് ശേഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാത്ത ജമ്മു കാശ്മീരിലും നാല് രാജ്യസഭാ അംഗങ്ങളുടെ ഒഴിവുണ്ട്. ആസാം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് രണ്ടും ഹരിയാന, തെലങ്കാന, മധ്യപ്രദശ്, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റുകളും ഒഴിവുണ്ട്. കഴിഞ്ഞ മാസം ഒഴിവ് വന്ന 11 ല്‍ പത്തും അംഗങ്ങള്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തതോടെയാണ്. ബി.ആര്‍.എസ് അംഗം കെ കേശവ റാവു കോണ്‍ഗ്രസിലേക്ക് മാറിയതോടെയാണ് മറ്റൊരു ഒഴിവ്. 

ലക്ഷ്യം ഈ സീറ്റുകള്‍

വരുന്ന മാസം ഈ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എട്ടെണ്ണത്തില്‍ എന്‍.ഡി.എയും മൂന്നെണ്ണത്തില്‍ ഇന്ത്യ ബ്ലോക്കും ജയിക്കും. അസംബ്ലികളിലെ മികച്ച അംഗസംഖ്യയുടെ ബലത്തില്‍ എന്‍ഡിഎ  ബിഹാർ, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിൽ രണ്ട് സീറ്റുകൾ വീതവും ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിൽ ഓരോ സീറ്റും പ്രതീക്ഷിക്കുന്നു. അതേസമയം, തെലങ്കാനയില്‍ നിന്നുള്ള ഒരു സീറ്റാണ് കോണ്‍ഗ്രസിന് ലഭിക്കുക. ലോക്സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ച രണ്ട് രാജ്യസഭാ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമാകും. കെസി വേണുഗോപാല്‍ രാജിവച്ച രാജസ്ഥാനിലെ സീറ്റും ദീപേന്ദ്ര സിങ് ഹൂഡ രാജിവച്ച ഹരിയാനയിലെ സീറ്റും ബിജെപി നേടും. 

ബില്ലുകള്‍ പാസാക്കാന്‍ ഈ കണക്ക്

രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ എന്‍ഡിഎയ്ക്ക് 13 അംഗങ്ങളുടെ പിന്തുണ പുറത്ത് നിന്ന് ആവശ്യമുണ്ട്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അണ്ണാ ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണയാണ് ബി.ജെ.പി തേടാറുള്ളത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളും അണ്ണാ ഡിഎംകെയ്ക്ക് നാല് അംഗങ്ങളുമുണ്ട്. നേരത്തെ ബിജെപി സഖ്യകക്ഷിയായിരുന്നു അണ്ണ ഡിഎംകെയെങ്കില്‍ ഭരണകക്ഷിക്ക് വിഷയാധിഷ്ഠിത പിന്തുണ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ബിജെഡിയുടെ അംഗങ്ങള്‍ ബിജെപിയെ പിന്തുണച്ചിരുന്നെങ്കിലും ഒഡീഷയിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഇതിനുള്ള സാധ്യത കുറവാണ്. 

ENGLISH SUMMARY:

BJP Short 13 Seats For Majority In Rajya Sabha But They Can Pass Bill With The Help Of AIADMK and YSRCP. BJP Eyes On 11 Seats In Upcoming Election.