bengal-bandh

TOPICS COVERED

ബംഗാളില്‍ ബി.ജെ.പി ആഹ്വാനംചെയ്ത ബന്ദിനിടെ വ്യാപക സംഘര്‍ഷം. റോഡ് ഉപരോധിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി നേതാവ് പ്രിയങ്കു പാണ്ഡെയുടെ വാഹനത്തിന് നേരെ ബോംബേറും വെടിവയ്പ്പുമുണ്ടായി. പിന്നില്‍ തൃണമൂലാണെന്ന് ബി.ജെ.പി. ആരോപിച്ചു. പശ്ചിമ ബംഗാള്‍ ജൂനിയര്‍ ഡോക്ടര്‍ ഫ്രണ്ടും ബന്ദിന് പിന്തുണ അറിയിച്ചു. ബന്ദിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. 

രാവിലെ മുതല്‍ കൊല്‍ക്കത്തയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ സുകാന്ദ മജുംദാര്‍ അടക്കം നേതാക്കള്‍ നേതൃത്വം നല്‍കി. പ്രതിഷേധക്കാരെ പൊലീസ് നീക്കാന്‍ ശ്രമിച്ചത് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. ലോക്കറ്റ് ചാറ്റര്‍ജിയെയും രൂപ ഗാംഗുലിയെയും സ്റ്റഡിയില്‍ എടുത്തു. കൂച്ച് ബിഹാറിൽ കല്ലേറിൽനിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിച്ചാണ് ജീവനക്കാർ സർക്കാർ ബസ് ഓടിക്കുന്നത്. മിക്കയിടത്തും കടകള്‍ അടഞ്ഞുകിടക്കുകയാണ്. ബന്ദിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷം വര്‍ധിപ്പിച്ചു.

പ്രിയങ്കു പാണ്ഡെയുടെ വാഹനത്തിന് നേരെ നോര്‍ത്ത് 24 പര്‍ഗനാസില്‍ വച്ചാണ് ആക്രമണമുണ്ടായത്. ബോംബെറിഞ്ഞശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് അക്രമത്തിന് പിന്നിലെന്നും പ്രിയങ്കു പാണ്ഡെയെ വധിക്കാനായിരുന്നു ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു. സ്ഥലത്തുനിന്ന് ബോംബ് ഷെല്ലുകള്‍ കണ്ടെടുത്തു. 

ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് പീഡനക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളോട് പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ വിട്ടയ്ക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ആക്രമണം നടത്തിയ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പൊലീസും പുറത്തുവിട്ടു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി മമത ബാനര്‍ജി മാപ്പുപറഞ്ഞു. 

ENGLISH SUMMARY:

Widespread conflict during the strike called by the BJP in Bengal. The leaders and activists who blocked the road were taken into custody by the police. A bomb was also fired at the vehicle of BJP leader Priyanku Pandey.