udhayanidhi-stalin

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധിയെ രണ്ടാമനാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉദയനിധി ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന . ഈ വര്‍ഷം രണ്ട് തവണ അത്തരമൊരു നീക്കം നടന്നെങ്കിലും തുടര്‍ച്ചയായുണ്ടായ വിവാദങ്ങള്‍ ഡിഎംകെയെ ഈ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും  കോടതി ഇടപെടലിനും കാരണമായിരുന്നു. പിന്നാലെയുണ്ടായ കളളക്കുറിച്ചി വിഷമദ്യദുരന്തവും ഡിഎംകെ സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിര്‍ണായക സാന്നിധ്യമായിരുന്നു ഉദയനിധി. ഡിഎംകെയെ കൂടുതല് ശക്തിപ്പെടുത്താനുള്ള നീക്കം കൂടിയായാണ് ഉദയനിധിയുടെ പുതിയ സ്ഥാനത്തെ വിലയിരുത്തുന്നത്. അതോടൊപ്പം 2026 നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന വിജയ്‌ക്ക് തനതായ എതിരാളി വേണമെന്ന പാര്‍ട്ടിയുടെ തീരുമാനം കൂടിയായി വേണം ഉദയനിധിയുടെ പുതിയ സ്ഥാനത്തെ കാണാന്‍. 

2019ലോക്സഭാ തിരഞ്ഞെടുപ്പ്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും  ജനങ്ങളെ പാര്‍ട്ടിക്കനുകൂലരാക്കി മാറ്റുന്നതില്‍ ഉദയിധിക്ക് നിര്‍ണായകപങ്കുണ്ടായിരുന്നു. അതേസമയം വാര്‍ത്തകള്‍ ഈ രീതിയില്‍ പ്രചരിക്കുമ്പോഴും ഇത് സംബന്ധിച്ച ഒരു ഔദ്യോഗിക പ്രഖ്യാപനത്തിന് പാര്‍ട്ടിയോ മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. സ്റ്റാലിന്റെ രാഷ്ട്രീയഭാവി കരുണാനിധി കാത്തതുപോലെ ഉദയനിധിയുടെ രാഷ്ട്രീയഭാവി  എംകെ സ്റ്റാലിനും സുരക്ഷിതമാക്കുകയാണെന്നുകൂടി വേണം  ഉപമുഖ്യമന്ത്രി നീക്കത്തിലൂടെ മനസിലാക്കാന്‍ .

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതില് നിലവില്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങളൊന്നുമില്ലെങ്കിലും അനുഭവസമ്പത്ത് കുറവാണെന്നത് ഉദയനിധിയുടെ നിലപാടുകളയും തീരുമാനത്തേയും ബാധിച്ചേക്കുമെന്ന  ആശങ്കയും അവിടവിടെയായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം തമിഴ്നാട് ഡിഎംകെയുടെ അധപതനമായെന്നും മക്കള്‍ രാഷ്ട്രീയമാണ് ഇനിയും നടപ്പാകുന്നതെന്നും എഐഎഡിഎംകെ നേതാവ് കോവൈ സത്യന്‍ പ്രതികരിച്ചു.എന്നാല്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഡിഎംകെ തിരിച്ചു ചോദിക്കുന്നത്. 

ENGLISH SUMMARY:

It is hinted that Udayanidhi may become Deputy Chief Minister of Tamil Nadu