save-arjun

കർണാടക ഷിരൂരില്‍ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തണമേയെന്ന പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. രക്ഷാപ്രവര്‍ത്തനത്തിന് കര്‍ണാടക സര്‍ക്കാരും അധികൃതരും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ തങ്ങളെക്കൊണ്ട് ആകുന്ന വിധത്തില്‍ വിഷയത്തിലേക്ക് ശ്രദ്ധ എത്തിക്കാന്‍ ശ്രമിക്കുകയാണ് മലയാളികള്‍. സോഷ്യല്‍മീഡിയയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ഔദ്യോഗിക പേജുകളിലും കര്‍ണാടക ന്യൂസ് ചാനലുകളുടെ യുട്യൂബ് ലൈവ് ചാറ്റുകളിലും അടക്കം സേവ് അര്‍ജുന്‍ ഹാഷ് ടാഗ് സജീവമാക്കിയിരിക്കുകയാണ് മലയാളികള്‍. കര്‍ണാടകയിലെ വാര്‍ത്താമാധ്യമങ്ങളിലും രക്ഷാപ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് ശ്രമം. 

 

അതേസമയം, കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസവും പുരോഗമിക്കുകയാണ്. കൂടുതൽ യന്ത്രങ്ങളും ലോറികളും എത്തിച്ചതോടെ  വേഗത്തിൽ മണ്ണ് നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെ കരസേനയും തിരച്ചിലിന്റെ ഭാഗമാകും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉച്ചതിരിഞ്ഞ് അപകട സ്ഥലത്തെത്തും.

ദുരന്ത നിവാരണ സേനാംഗങ്ങൾ എല്ലാം എത്തിയിട്ടും രാവിലെ രക്ഷാ പ്രവർത്തനം വൈകി . ഉടുവിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉത്തര കന്നഡ ജില്ലാ കലകടറുമായി ബന്ധപ്പെട്ടതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. വൈകാതെ കാർവാർ എം. എൽ. എ സതീഷ് സാലേയിൽ എത്തിയതോടെ കാര്യങ്ങൾക്ക് വേഗത കൂടി.

 

എം.എൽ.എ നേരിട്ട്  ഏകോപന  ചുമതല ഏറ്റെടുത്തതോടെ മണ്ണ് നീക്കത്തിനു ശക്തി കൈവന്നു. ഇന്നലെ രണ്ടാം ഘട്ട റഡാർ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ ഭാഗത്തെ മണ്ണാണ് നീക്കുന്നത്. ഉത്തരാഘണ്ട് ദുരന്തത്തിലെ രക്ഷാ പ്രവർത്തനത്തിലടക്കം പങ്കെടുത്ത മലയാളി രഞ്ജിത്ത് ഇസ്രായേലിയുടെ മേൽനോട്ടത്തിൽ ആണ് രക്ഷാപ്രവർത്തനം മുന്നേറുന്നത്. 

മണ്ണ് നീക്കം വേഗത്തിലായത്തോടെ കഴിഞ്ഞ 5 ദിവസമായി ഷിരൂരിലെ  റോഡിൽ കാത്തിരിക്കുന്ന അർജുന്റെ കുടുംബാഗങ്ങൾക്കും ആശ്വാസമായി. രാവിലെ 11.30 എത്തും എന്നറിയിച്ചിരുന്ന കരസേന യൂണിറ്റിന്റെ വരവ് വൈകുകയാണ്. ബെളഗാവിയിലെ  കരസേന കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സംഘമാണ് എത്തുന്നത്. 

 

കർണാടക ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തുമെന്ന തീരുമാനം അർജുന്റെ കുടുംബത്തിന് ആശ്വാസമേകുകയാണ്. നിലവിലെ രക്ഷാ പ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബമാണ് രക്ഷാ ദൗത്യത്തിന് സൈന്യം എത്തണമെന്ന ആവശ്യം ഉയർത്തിയത്. അതിനിടെ രക്ഷാപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജനകീയ കൂട്ടായ്മയും തൃശ്ശൂരിൽ ലോറി ഉടമകളും പ്രതിഷേധിച്ചു.

 

രക്ഷാപ്രവർത്തനം ആറാം ദിവസം തുടരുമ്പോൾ അർജുൻ  ജീവനോടെ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. തിരച്ചിലിന്റെ ആദ്യഘട്ടം മുതൽ സൈന്യം വേണമെന്ന അവശ്യം അംഗീകരിക്കപ്പെട്ടതിൻ്റെ ആശ്വാസവും കുടുംബത്തിനുണ്ട്. തിരച്ചിൽ വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സേവ് അർജുൻ എന്ന പേരിൽ സംയുക്ത സമര സമിതിയാണ് പ്രതിഷേധം നടത്തിയത്.

തൃശൂരിൽ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും പ്രതിഷേധവുമായി രംഗതെത്തി.കോർപ്പറേഷൻ ഓഫീസിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥന നടത്തി. ലോറി ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം  എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.